ppe

തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിന്റെ മുന്നണിപ്പോരാളിയെന്നൊക്കെയാണ് വിളിപ്പേരെങ്കിലും അടിയന്തര ഘട്ടത്തിൽ താത്കാലികമായി നിയോഗിച്ച 1100 ജൂനിയർ ഡോക്ടർമാർക്ക് മൂന്ന് മാസമായി ശമ്പളമില്ല. ഈവർഷം സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്ന് എം.ബി.എസ് പഠനം പൂർത്തിയാക്കിയ ശേഷം ജോലിയിൽ പ്രവേശിച്ച ഡോക്ടർമാർക്കാണ് ദുരിതം. കൈയിൽ നിന്നും പണം മുടക്കി ഇനിയും ഡ്യൂട്ടിക്കെത്താൻ കഴിയില്ലെന്ന് കഴിഞ്ഞദിവസം പി.പി.ഇ കിറ്റ് ധരിച്ച ഒരു വനിതാ ഡോക്ടർ സോഷ്യൽ മീഡിയയിലൂടെ പരാതി പറഞ്ഞിരുന്നു. ഇതോടെയാണ് ഡോക്ടർമാർക്ക് ശമ്പളമില്ലെന്ന വിവരം പുറത്തുവന്നത്.

ഇവർക്ക് ശമ്പളം നൽകുന്നത് സംബന്ധിച്ച് ഫയൽ ആരോഗ്യ-ധനകാര്യ വകുപ്പുകളിലാണുള്ളത്.

ജൂനിയർ ഡോക്ടർമാരുടെ സേവനം വിനിയോഗിക്കുന്നതിനായി ഏപ്രിൽ 20നാണ് സർക്കാർ ഉത്തരവ് ഇറങ്ങിയത്. 980 പേരെയാണ് ആദ്യം നിയമിച്ചത്.പിന്നീട് 120 പേരെക്കൂടി നിയമിച്ചു. മേയ് മുതൽ ചിലർ ജോലിയിൽ പ്രവേശിച്ചെങ്കിലും ശമ്പളത്തിൽ വ്യക്തത ലഭിക്കാത്തതിനാൽ മറ്റുള്ളവർ മാറിനിന്നു. പ്രതിമാസ ശമ്പളം 42,000 രൂപയായി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയതോടെ എല്ലാവരും ജോലിയിൽ പ്രവേശിച്ചു. എന്നാൽ സർക്കാർ വാഗ്ദാനം ചെയ്ത ശമ്പളം നൽകാതെ വന്നതോടെയാണ് ഇവർ പരസ്യമായി രംഗത്തെത്തിയത്.

തസ്തികയുമില്ല, അവധിയുമില്ല

അധികഭാരവും അവഗണനയും

പ്രഥമ ചികിത്സാകേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിൽ നിയോഗിച്ചിരിക്കുന്ന ഇവർ അവധിയില്ലാതെയാണ് ഡ്യൂട്ടി നോക്കുന്നത്. ശമ്പളം ലഭിക്കാതെ വന്നതോടെ കേരള ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ എന്ന സംഘടനയ്ക്കും രൂപം നൽകി.

എൻ.എച്ച്.എം ജീവനക്കാർക്ക് 50,000 രൂപ ശമ്പളവും റിസ്‌ക് അലവൻസും വരെ നിശ്ചയിച്ചിരിക്കെ, ജൂനിയർ ഡോക്ടർമാർക്ക് തസ്തിക പോലും നിർണയിച്ചിട്ടില്ല. തസ്തികയില്ലാത്തതിനാൽ ജോലിസ്ഥലത്ത് ചൂഷണം നേരിടുന്നതായും ഡോക്ടർമാർ പറയുന്നു. സീനിയർ ഡോക്ടർമാർ പലപ്പോഴും ഹാജരാകാത്തതിനാൽ ഇരട്ടി ജോലിഭാരമാണ് ഇവർക്ക്.

തുടർപഠനവും വെല്ലുവിളി

ജനുവരിയിലാണ് പി.ജി എൻട്രൻസ്. ജൂനിയർ ഡോക്ടർമാർ ഭൂരിഭാഗത്തിനും അതിനായി തയ്യാറെടുക്കേണ്ട സമയമാണിത്. എന്നാൽ ജോലിഭാരം കാരണം എങ്ങനെ പഠിക്കുമെന്നാണ് ഇവർ ചോദിക്കുന്നത്.

ആരോഗ്യപ്രവർത്തകർക്ക് ശമ്പളം നിശ്ചയിച്ചിട്ടുണ്ട്. കുറവുള്ളവർക്ക് അത് വർദ്ധിപ്പിച്ചു. ഇക്കാര്യത്തിൽ ആരെയും ഒഴിവാക്കില്ല. ആർക്കും ബുദ്ധിമുട്ട് ഉണ്ടാകില്ല.'

-മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്