ആറ്റിങ്ങൽ: ലൈസൻസ് ഇല്ലാതെ ആറ്റിങ്ങൽ ഐ.ടി.എെയ്ക്ക് സമീപം വില്പന നടത്തിയ ബിരിയാണിയും വാഹനവും നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു.

നാട്ടുകാരും ഹോട്ടലുടമകളും നഗരസഭാ ചെയർമാൻ എം. പ്രദീപിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് നടപടി.

കൊവിഡ് സമൂഹ്യ വ്യാപന സാദ്ധ്യത കണക്കിലെടുത്ത് പട്ടണത്തിൽ മാസങ്ങളായി മാർക്കറ്റുകൾ പൂർണമായും അടച്ചിടുകയും, വഴിയോര കച്ചവടം നിരോധിക്കുകയും ചെയ്തിരുന്നു. ലൈസൻസ് ഉള്ള കടകൾക്ക് സമയക്രമവും നടപ്പിലാക്കിയിരുന്നു. ഇത്തരത്തിലുള്ള കടുത്ത നിബന്ധനകൾ നഗരസഭയിൽ നടപ്പിലാക്കിയതിനാലാണ് സാമൂഹ വ്യാപനം ചെറുക്കാനായത്.

ഈ സാഹചര്യത്തിലാണ് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളിൽ അനധികൃത ഭക്ഷണ കച്ചവടം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ഇത്തരക്കാർക്കെതിരെ കടുത്ത നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും. തുടർന്നും പട്ടണത്തിൽ കർശന പരിശോധന നടത്തുമെന്നും ചെയർമാൻ എം. പ്രദീപ് അറിയിച്ചു.

കൂടാതെ ഈ വാഹനവും വില്പനക്കുള്ള സാധനങ്ങളും വർക്കല, അഞ്ചുതെങ്ങ് പോലെയുള്ള കണ്ടെയ്‌മെന്റ് സോണുകളിൽ നിന്നാണ് വരുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. വാഹനത്തിനുള്ളിൽ ഒരുക്കിയിരിക്കുന്ന അടുക്കളയിൽ പാചകക്കാർക്ക് സാമൂഹ്യ അകലം പാലിച്ച് നിൽക്കാനുള്ള സൗകര്യമോ ഇതിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡുകളൊ ഇല്ല. രോഗവ്യാപനത്തിന് ഇത് ഏറെ വഴിയൊരുക്കുമെന്ന് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു പറഞ്ഞു.

ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാർ, ജെ.എച്ച്.ഐമാരായ അഭിനന്ദ്, മുബാരക്ക് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി സാധനങ്ങൾ പിടിച്ചെടുത്തത്.