തിരുവനന്തപുരം: സർക്കാർ ലാ കോളേജുകളിലെ 240 എൽ.എൽ.ബി സീറ്റുകൾ വെട്ടിക്കുറച്ചതിലൂടെ കുട്ടികൾക്ക് പഠനാവസരം നഷ്ടമാവുന്നത് തടയാൻ അവിടങ്ങളിൽ അറുപത് സീറ്റുകൾ വീതമുള്ള അധികബാച്ചുകൾ ആരംഭിക്കും.
സർക്കാർ ലാ കോളേജുകളിൽ ത്രിവത്സര എൽ.എൽ.ബി സീറ്റുകളുടെ എണ്ണം 100ൽ നിന്ന് 60 ആയും പഞ്ചവത്സര കോഴ്സിലെ സീറ്റുകൾ 80ൽ നിന്ന് 60ആയുമാണ് കുറച്ചത്. കഴിഞ്ഞ വർഷം സർക്കാർ മേഖലയിൽ 720 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 480 സീറ്റായി കുറഞ്ഞു.
ഒരു ബാച്ചിൽ പരമാവധി അറുപത് കുട്ടികളേ ആകാവൂ എന്ന ബാർ കൗൺസിലിന്റെ നിർദ്ദേശമനുസരിച്ചാണ് സീറ്റ് കുറവുചെയ്തതെന്നാണ് സർക്കാർ വിശദീകരണം. അറുപതിൽ കൂടുതൽ കുട്ടികളെ പ്രവേശിപ്പിച്ചാൽ അവർ എൻറോൾ ചെയ്യുന്നത് തടയുമെന്ന് കൗൺസിൽ പ്രിൻസിപ്പൽമാർക്ക് കത്തയച്ചിട്ടുണ്ട്. അതേസമയം, 19 സ്വകാര്യ കോളേജുകളിലെ സീറ്റുകളിൽ കുറവില്ല. 2008ലെ നിയമപ്രകാരമാണിതെന്ന് സർക്കാർ പറയുന്നു. അതിനു ശേഷം സ്ഥാപിക്കപ്പെട്ട സ്വാശ്രയ കോളേജുകളിൽ അറുപത് സീറ്റുകളേയുള്ളൂ.
സർക്കാർ കോളേജുകളിൽ ഒരു ബാച്ച് കൂടി തുടങ്ങുന്നതിന് സാമ്പത്തിക ബാദ്ധ്യതയുണ്ടാവുമെങ്കിലും ഗസ്റ്റ് അദ്ധ്യാപകരെ വച്ച് ക്ലാസ് നടത്താനാവും.