മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കൊവിഡ് പരിശോധനയിൽ ഇന്നലെ 22 പേർക്കു കൂടി രോഗം കണ്ടെത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. 6 പേർ രോഗമുക്തരായി. വ്യാജ പ്രചാരണം മൂലം രണ്ടു കേന്ദ്രങ്ങളിലായി അഞ്ചുതെങ്ങിൽ നടത്തിയ പരിശോധനയിൽ 39 പേർ മാത്രമാണ് ഇന്നലെ പരിശോധനയ്‌ക്കെത്തിയത്.

ഇതിൽ 11 പേർക്ക് രോഗമുള്ളതായി കണ്ടെത്തി. സോഷ്യൽ മീഡിയ വഴി അഞ്ചുതെങ്ങിൽ വ്യാജ പ്രചാരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്ന് ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കടയ്ക്കാവൂർ ഊട്ടു പറമ്പിൽ 57 പേരിൽ നടത്തിയ പരിശോധനയിൽ 6 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ നടത്തിയ 31 പേരുടെ പരിശോധനയിൽ 5 പേർക്കും രോഗമുള്ളതായി കണ്ടെത്തി. വക്കത്ത് കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് 6 പേർ കൂടി ഇന്നലെ രോഗമുക്തരായി. നോഡൽ ഓഫീസർ ഡോ. രാമകൃഷ്ണബാബുവിന്റെ നേതൃത്വത്തിൽ ഡോ. ദീപക്, ഡോ. സരിത, ഡോ. ഭാഗ്യലക്ഷ്മി, ഡോ. അശ്വനിരാജ്, ഡോ. നബീൽ, ഡോ.രശ്മി, ഡോ. മഹേഷ് എന്നിവരുൾപ്പെട്ട സംഘം ഇന്ന് ചിറയിൻകീഴ് താലൂക്കാശുപത്രി, അഞ്ചുതെങ്ങ് മാമ്പള്ളി, കിഴുവിലം കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പരിശോധന ഉണ്ടാകും.