കൊച്ചി: സ്കൂളുകൾ തുറക്കാൻ വൈകുന്നതും ഓൺലൈൻ പഠനം പൂർണമായും ഫലപ്രദമല്ലാത്തതും
കുട്ടികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും വിഷമത്തിലാക്കുന്നു. പത്ത്, പ്ളസ് ടു വിദ്യാർത്ഥികൾ
ഏറെയും മാനസികസമ്മർദ്ദത്തിലാണ്.
ഒക്ടോബർ വരെ സ്കൂളുകൾ തുറക്കേണ്ടെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം.
സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കാനായിരുന്നു ആലോചന. 10,11,12 ക്ലാസുകൾ ആദ്യം ആരംഭിച്ച്, തുടർന്ന് 6 മുതൽ 9 വരെ ക്ലാസുകൾ തുടങ്ങും. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും 33 ശതമാനം മാത്രം ഒരേസമയം സ്‌കൂളിലെത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. സ്കൂളുകളിൽ കുട്ടികൾ എത്തിയാൽ കൊവിഡ് നിയന്ത്രണം പൂർണതോതിൽ നടത്താനാവില്ലെന്നാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയ വൃത്തങ്ങൾ പറയുന്നത്.
# പഠനം തുലാസിൽ
ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും അദ്ധ്യാപകർക്ക് വിദ്യാർത്ഥികളുമായി നേരിട്ട് ഇടപഴകാൻ സാധിക്കാത്തതിനാൽ പഠനനിലവാരം വിലയിരുത്താനാകുന്നില്ല. എസ്.എസ്.എൽ.സി, പ്ളസ് ടു വിദ്യാർത്ഥികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. നേരിട്ട് സംശയങ്ങൾ ചോദിച്ച് മനസിലാക്കാൻ സാധിക്കാത്തതും നോട്ടുകൾ തയ്യാറാനാക്കാത്തതും വിദ്യാർത്ഥികളെയും ബുദ്ധിമുട്ടിലാക്കുന്നു. മികച്ച പഠനനിലവാരമുള്ള കുട്ടികൾ പോലും പുറകോട്ടു പോകുന്നെന്നാണ് പരാതി.
# ചെയ്യാവുന്നത്
1. വിദഗ്ദ്ധ സമിതിയുമായി ചർച്ച ചെയ്ത് സിലബസ് കുറയ്ക്കുക
2.മാർച്ചിലും ക്ലാസുകൾ പൂർത്തിയായില്ലെങ്കിൽ ഒരു മാസം കൂടി നീട്ടുക
3. അതിനുശേഷം പരീക്ഷ നടത്തുക
# കാത്തിരിപ്പ് നീളുന്നു
കൊവിഡ് നിയന്ത്രണങ്ങളിൽ പൂട്ടുവീണ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊവിഡ് വ്യാപനത്തിന്റെ തോത് വലിയ രീതിയിൽ ഉയരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണം പാലിച്ചും സ്‌കൂളുകൾ തുറക്കുന്നത് തിരിച്ചടിയാകുമെന്നാണ് വലിയിരുത്തൽ. ഡിസംബറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമോയെന്നത് പിന്നീട് തീരുമാനിക്കും.
അദ്ധ്യായന വർഷം ഉപേക്ഷിക്കാതെ പരീക്ഷ അടക്കം പൂർത്തിയാക്കാനും ഈ അക്കാഡമിക് വർഷത്തെ സീറോ അക്കാഡമിക് ഇയർ ആയി പരിഗണിക്കാനും ആലോചനയുണ്ട്.
# കുട്ടികളെ ബാധിക്കും
"താൽക്കാലിക സംവിധാനമെന്ന നിലയിലാണ് ഓൺലൈൻ പഠനം ആരംഭിച്ചത്. ഒരു അക്കാദമിക് വർഷം മുഴുവൻ പഠനം ഓൺലൈൻ വഴിയാക്കുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയെ ബാധിക്കും."
അനിൽ എം. ജോർജ്
ജനറൽ സെക്രട്ടറി
എച്ച്.എസ്.എസ്.ടി.എ