തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രവേശനത്തിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് 10 ശതമാനം സീറ്റ് സംവരണം ചെയ്ത് ഉത്തരവായി. മാർജിനൽ സീറ്റടക്കം ഉൾപ്പെടുത്തിയാണ് സംവരണ സീറ്റുകളുടെ എണ്ണം കണക്കാക്കുക. ഇതുപ്രകാരം പ്ലസ് വൺ പ്രവേശനത്തിന് 819 സർക്കാർ സ്‌കൂളുകളിലെ 2824 ബാച്ചുകളിൽപ്പെട്ട 17,214 സീറ്റുകളും,. 261 സർക്കാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിലെ 706 ബാച്ചുകളിൽപ്പെട്ട 2200 സീറ്റുകളും സാമ്പത്തിക സംവരണ വിഭാഗത്തിലാവും. നേരത്തെ അപേക്ഷിച്ചവർക്കും ഈ മാനദണ്ഡപ്രകാരം വീണ്ടും അപേക്ഷിക്കാനായി ഏകജാലക പ്രവേശന അപേക്ഷാ തീയതി 21 വരെ നീട്ടിയേക്കും. തീരുമാനം ഇന്നുണ്ടാവും. കുടുംബ വാർഷിക വരുമാനം നാല് ലക്ഷം രൂപയോ അതിൽ താഴെയോ ഉള്ള കുടുംബത്തിലെ കുട്ടികൾക്കാണ് സാമ്പത്തിക സംവരണ സീറ്റിൽ പ്രവേശനത്തിന് അർഹത. നിശ്ചിത മാതൃകയിലുള്ള വരുമാന സർട്ടിഫിക്കറ്റ് നൽകേണ്ടത് വില്ലേജ് ഓഫീസർമാരാണ്.