കോവളം: വിഴിഞ്ഞത്ത് നിന്നു 17 മുതൽ മത്സ്യബന്ധനത്തിന് പോകാൻ അനുമതി. ജില്ലാഭരണകൂടം പ്രഖാപിച്ച പുതിയ മാർഗരേഖ പ്രകാരമാകും കൊവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിവച്ച മത്സ്യബന്ധനം പുനരാരംഭിക്കുക. ഒരു ദിവസം 600 വളളങ്ങൾക്ക് മീൻപിടിക്കാൻ പോകാം. ഓരോ വളളത്തിലും പരമാവധി അഞ്ച് പേർക്ക് മാത്രമേ പോകാനാകൂ. വള്ളങ്ങൾ രാവിലെ അഞ്ചിനും വൈകിട്ട് അഞ്ചിനുമിടയിൽ തിരികെ എത്തണം. മുഖാവരണം ധരിക്കാതെയും സാനിറ്റൈസർ കരുതാതെയും തൊഴിലാളികളെ വളളമിറക്കാൻ അനുവദിക്കില്ല.
പൊഴിയൂർ മുതൽ വേളി വരെയുളള മത്സ്യത്തൊഴിലാളികൾ ഈ മാർഗരേഖ അനുസരിച്ചാണ് കടലിൽ പോകേണ്ടത്. വിഴിഞ്ഞത്ത് നിന്ന് പോയിവരുന്നവർ തിങ്കൾ,ബുധൻ,ശനി ദിവസങ്ങളിലും, പൊഴിയൂർ മുതൽ ചൊവ്വര വരെയുളളവർക്ക് ചൊവ്വാഴ്ചയും, പൂന്തുറ മുതൽ വേളിവരെയുളളവർക്ക് വ്യാഴം,വെളളി ദിവസങ്ങളിലുമാണ് മീൻ കച്ചവടം നടത്താൻ അനുമതി. ഓൺലൈൻ പാസ് ലഭിച്ചിട്ടുളള മൊത്തക്കച്ചവടക്കാർക്ക് മാത്രമേ വാഹനവുമായി ഹാർബറിൽ പ്രവേശിക്കാനാകൂ. തുറമുഖത്തേക്കുളള വാഹനങ്ങളുടെയും തൊഴിലാളികളുടെയും വരവും പോക്കും പൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും.സാമൂഹിക അകലം പാലിച്ചാൽ മാത്രമേ പ്രാദേശിക കച്ചവടക്കാർക്ക് മീൻ വാങ്ങാൻ അവസരമുള്ളൂ. യോഗത്തിൽ ഫിഷറീസ് എ.ഡി.എം വിനോദ്, ഡെപ്യൂട്ടി ഡയറക്ടർ ബീനാ സുകുമാർ, എ.ഡി രാജു ആനന്ദ്, ഹാർബർ എൻജിനിയറിംഗ് എക്‌സിക്യൂട്ടീവ് എൻജിനിയർ ജി.എസ്. അനിൽകുമാർ എന്നിവർ പങ്കെടുത്തു.