തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസ് പ്രതി ബിജുലാലിനെ നാല് ദിവസം അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രതിയുടെ ഭാഗം കേൾക്കണമെന്ന കാരണം ചൂണ്ടിക്കാട്ടി റിമാൻഡിലുളള ബിജുലാലിനെ നേരിട്ട് ഹാജരാക്കിയ ശേഷമാണ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്.വഞ്ചിയൂർ ട്രഷറി, വിവിധ ബാങ്കുകൾ എന്നിവിടങ്ങളിൽ ബിജുലാലുമായി തെളിവെടുപ്പ് നടത്തും. നേരത്തെ ജോലി ചെയ്തിട്ടുള്ള കോട്ടയം, വയനാട് ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നു അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനായി സൈബർ വിദഗ്‌ദ്ധരടക്കമുള്ളവരുടെ സാനിദ്ധ്യത്തിൽ ബിജുലാലിനെ വിശദമായി ചോദ്യം ചെയ്യും. ഓൺലൈൻ റമ്മി സൈറ്റുകളെക്കുറിച്ചടക്കം ചോദിച്ചറിയും. അതിനു ശേഷമായിരിക്കും തെളിവെടുപ്പടക്കമുള്ള നടപടികൾ. രണ്ടാം പ്രതിയായ ഭാര്യയുടെ പങ്കിനെ കുറിച്ച് വ്യക്തമാകണമെങ്കിൽ ബിജു ലാലിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നും പ്രത്യേക സംഘം അറിയിച്ചു.