കൊച്ചി: രോഗഭീതിയും തൊഴിലില്ലായ്മയും ദാരിദ്ര്യവുംകൊണ്ട് പൊറുതിമുട്ടിയ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക സഹായപാക്കേജുകൾ അനുവദിക്കണമെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി കേന്ദ്ര കേരള സർക്കാരുകളോട് ആവശ്യപ്പെട്ടു. ചെല്ലാനം മുതൽ മുനമ്പംവര നീണ്ടുകിടക്കുന്ന കടലോര മത്സ്യമേഖല കൊവിഡിന്റെ വരവിന് മുമ്പുതന്നെ വൻ പ്രതിസന്ധിയിലായിരുന്നു. ലോക്ക്ഡൗണും കടൽക്ഷോഭവും ജനജീവിതം ദുസഹമാകുകയും ചെല്ലാനം മേഖലയിൽ വലിയ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു. മഴക്കെടുതിയിലും കടലാക്രമണത്തിലും മത്സ്യബന്ധനോപകരണങ്ങൾക്ക് നാശനഷ്ടമുണ്ടായതോടെ മത്സ്യബന്ധനോപകരണങ്ങൾ വാങ്ങാനും മറ്റ് ജീവിതാവശ്യങ്ങൾക്കുമായി ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവുകൾ മുടങ്ങി. ജീവിതം വഴിമുട്ടിയ അവസ്ഥയിൽ തൊഴിലാളികളെ സഹായിക്കാൻ ധനസഹായ പാക്കേജ് വേണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലാ പ്രസിഡന്റ് പി.ആർ. മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.ചന്ദ്രൻപിള്ള രാഷ്ട്രീയ റിപ്പോർട്ടിംഗ് നടത്തി. സി കെ മണിശങ്കർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എൻ. ഗോപിനാഥ് സംസാരിച്ചു.