തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയുടെ രണ്ടാംഘട്ട പുതുക്കലിന് കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ അറിയിച്ചു. കരട് പട്ടികയിൽ 1,25,40,302 പുരുഷന്മാരും 1,36,84,019 സ്ത്രീകളും 180 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ ആകെ 2,62,24,501 വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കാൻ ഇന്ന് മുതൽ www.lsgelection.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.
കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവർക്ക് ഹിയറിംഗിന് നേരിട്ട് ഹാജരാകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഓൺലൈൻ വഴിയോ വീഡിയോകാൾ വഴിയോ ഹിയറിംഗിന് ഹാജരാകാം. കരട് പട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ വരുത്തുന്നതിനും മറ്റൊരു വാർഡിലേക്കോ പോളിംഗ് ബൂത്തിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും ഓൺലൈൻ അപേക്ഷകളാണ് അയക്കേണ്ടത്. കരട് പട്ടികയിലുള്ളവരെ ഒഴിവാക്കുന്നതിന് ഫാറം 5ൽ നേരിട്ടോ തപാലിലൂടെയോ വേണം ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് അപേക്ഷ നൽകേണ്ടത്. അന്തിമ വോട്ടർപട്ടിക സെപ്തംബർ 26ന് പ്രസിദ്ധീകരിക്കും. പ്രവാസികൾക്കും വോട്ടർപട്ടികയിൽ ഓൺലൈനായി
പേര് ചേർക്കാൻ അവസരമുണ്ട്. ഇവർക്ക് ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് പോസ്റ്റ് വഴി അയയ്ക്കാൻ കഴിയുന്നില്ലെങ്കിൽ ഒപ്പും ഫോട്ടോയും രേഖപ്പെടുത്തിയ അപേക്ഷ സ്‌കാൻ ചെയ്ത് ഇ- മെയിൽ ആയി ഇ.ആർ.ഒ.യ്ക്ക് അയയ്ക്കാം.
വരണാധികാരികളെ നിശ്ചയിച്ചു
തദ്ദേശഭരണ തിരഞ്ഞെടുപ്പിലേക്കുള്ള വരണാധികാരികളെ നിശ്ചയിച്ച് സർക്കാർ ഉത്തരവായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മുഖേന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ശേഖരിച്ച് സമർപ്പിച്ച പട്ടികയാണ് സംസ്ഥാനസർക്കാർ അംഗീകരിച്ച് ഉത്തരവായത്.