തിരുവനന്തപുരം: പാലിയേക്കര ടോൾ പിരിവുമായി ബന്ധപ്പെട്ടുള്ള 102.44 കോടിയുടെ അഴിമതി ആരോപണത്തെ തുടർന്ന് കമ്പനിയുമായുള്ള കരാർ റദ്ദാക്കി ക്രിമിനൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിക്കും എൻ.എച്ച്.എ.ഐ ചെയർമാനും കത്തയച്ചതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ചാണ് കത്തെഴുതിയത്. ഈ കമ്പനി നിർമ്മിക്കുന്ന ചാലക്കുടി അണ്ടർപാസ് സ്‌തംഭനാവസ്ഥയിലാണ്.
മണ്ണൂത്തി - വടക്കാഞ്ചേരി പാതയുടെയും കുതിരാൻ തുരങ്കത്തിന്റെയും നിർമ്മാണം നിലച്ചിട്ട് ഒരു വർഷമായി. നിർമ്മാണം പൂർത്തിയാക്കാൻ എൻ.എച്ച്.എ.ഐയും കരാർ കമ്പനിയും നൽകിയ കാലാവധി തീർന്നിട്ട് ഒരുവർഷമായി. കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി പ്രവൃത്തി മറ്റ് ഏജൻസികളിലൂടെ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.