തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മിഷൻ തട്ടിയെടുത്തെന്ന ആരോപണത്തിൽ ദുബായ് ആസ്ഥാനമായുള്ള റെഡ് ക്രസന്റിൽ നിന്ന് കൂടുതൽ വിവരങ്ങൾ പുറത്തുവരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കൂടുതലെന്തെങ്കിലും വിവരം പുറത്ത് വരുന്നുണ്ടോയെന്ന് നോക്കട്ടെ. അതിന് ശേഷം കൂടുതൽ നടപടിയെന്തെന്ന് ആലോചിക്കാം. മുഖ്യമന്ത്രി എണ്ണിയെണ്ണി പറഞ്ഞാൽ അതിന് എണ്ണിയെണ്ണി മറുപടി തരുമെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോൾ, അദ്ദേഹത്തിന്റെ ഉദ്ദേശ്യം എന്റെ ചെലവിൽ നടപ്പാക്കാൻ നോക്കേണ്ട എന്നായിരുന്നു സോളാർ വിവാദം ലാക്കാക്കിയുള്ള മുഖ്യമന്ത്രിയുടെ മറുപടി.