neythusala

മുടപുരം: അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ നെയ്‌ത്തുകാർക്ക് കൊവിഡ് ഇരട്ടപ്രഹരമായി. കാൽനൂറ്റാണ്ട് മുമ്പ് വരെ ഗ്രാമീണ ജീവിതത്തിന്റെ താളമായിരുന്ന കൈത്തറി വ്യവസായം ഇന്ന് ഏതാണ്ട് നിലച്ച മട്ടാണ്. തുച്ഛമായ കൂലിയിൽ ജോലിചെയ്യാൻ ആളില്ലാതെ വന്നതും പ്രതിസന്ധി വർദ്ധിപ്പിച്ചു. ബാലരാമപുരം,​ ചിറയിൻകീഴ്,​ നെയ്യാറ്റിൻകര തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ സജീവമായിരുന്ന കൈത്തറി ശാലകളിൽ പലതും അടച്ചുപൂട്ടിയ നിലയിലാണ്. കൂലി കുറവായതിനാൽ ഭൂരിപക്ഷം പേരും ജോലി ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ടായി. എന്നാൽ ഉയർന്ന കൂലി നൽകാനോ സ്ഥിരം തൊഴിൽ ഉറപ്പുവരുത്താനോ കൈത്തറി സഹകരണ സംഘങ്ങൾക്കും കഴിയുന്നില്ല. 30 വർഷം മുമ്പ് അഞ്ഞൂറോളം പേർ പ്രവർത്തിച്ചിരുന്ന കിഴുവിലം പഞ്ചായത്തിലെ കൈത്തറി സംഘത്തിൽ ഇപ്പോൾ 10 തൊഴിലാളികൾ മാത്രമാണുള്ളത്. ആറുപേർ സംഘത്തിലെ നെയ്‌ത്തുശാലയിലെത്തിയും മറ്റുള്ളവർ വീട്ടിലുമാണ് ജോലിചെയ്യുന്നത്. മറ്റുചിലർ മഞ്ഞതോർത്തും മറ്റും നെയ്യുന്നുണ്ട്. ലോക്ക് ഡൗൺ കാലത്തെ ഓണത്തിന് എത്രത്തോളം വില്പനയുണ്ടാകുമെന്ന ആശങ്കയിലാണ് ഇവർ. സ്വന്തമായി സ്ഥലമുള്ള സംഘത്തിൽ അഞ്ച് തൊഴിലാളികൾക്ക് കൂടി ജോലി ചെയ്യാൻ പുതിയൊരു നെയ്‌ത്തുശാല സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹാന്റക്‌സിനു സംഘം നിവേദനം നൽകിയിരിക്കുകയാണ് ഇവർ.

നൂലിൽ കുരുക്കിയ കൊവിഡ്

2017 മുതലാണ് സ്‌കൂൾ യൂണിഫോം തുണിത്തരങ്ങൾ കൈത്തറി സംഘങ്ങളിൽ ഉത്പാദിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇത് തൊഴിലാളികൾ ആശ്വാസമായി. സ്‌കൂൾ യൂണിഫോം ഒരു മീറ്റർ നെയ്താൽ ഒരു തൊഴിലാളിക്ക് 44 രൂപ ഹാന്റക്‌സിൽ നിന്നും കൂലിയായി ലഭിക്കും. മറ്റ് ചെലവുകൾക്കായി സംഘത്തിന് 90 രൂപയും ലഭിക്കും. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സർക്കാർ സ്‌കൂളുകൾ അടച്ചു. അതിനാൽ കഴിഞ്ഞ ഏഴുമാസമായി സ്‌കൂൾ യൂണിഫോം നെയ്യുന്നതിനുള്ള നൂല് ഹാന്റക്‌സിൽ നിന്നും സംഘങ്ങൾക്ക് ലഭിക്കുന്നില്ല. അതോടെ മിതമായ നിരക്കിൽ നെയ്‌ത്ത് ലഭിച്ചുകൊണ്ടിരുന്ന തൊഴിലാളികൾ തൊഴിലില്ലാതെ പട്ടിണിയിലായി. ഓണത്തിന് ബോണസ് നൽകാൻ പോലും കഴിയാത്ത സാഹചര്യമാണ്. കൈത്തറി തൊഴിലാളികൾക്ക് സർക്കാർ ആശ്വാസ ധനസഹായം നൽകണമെന്നാണ് ആവശ്യം.