തിരുവനന്തപുരം: ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുകയെന്ന ദുഷ്ടലാക്കോടെയാണ് കൊവിഡ് മഹാമാരിയുടെ ആദ്യഘട്ടം മുതൽ ചിലരുടെ ഇടപെടലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കക്ഷിരാഷ്ട്രീയാതീതമായി ജനങ്ങൾക്ക് വേണ്ടി നിൽക്കേണ്ട സമയമാണിതെന്ന് ആദ്യമേ പറഞ്ഞെങ്കിലും നിർഭാഗ്യവശാൽ ബധിരകർണങ്ങളിലാണ് അതൊക്കെ പതിച്ചത്. കുറച്ചു ദിവസം മുമ്പ് ആരോഗ്യപ്രവർത്തകരെ മാറ്റി പൊലീസിനെ ചുമതലയേൽപ്പിക്കാൻ സർക്കാർ തീരുമാനിച്ചുവെന്ന ആരോപണവുമായെത്തിയെങ്കിലും സത്യം ജനങ്ങൾക്ക് മനസിലായി. കൊവിഡ് തടയാൻ കേരളത്തിലെ പൊതുആരോഗ്യ സംവിധാനം പരാജയപ്പെട്ടുവെന്നാണിപ്പോൾ പറയുന്നത്.രാജ്യത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് കേരളത്തിലാണ്. രോഗം ഇരട്ടിക്കുന്നതിനുള്ള സമയം ദേശീയ ശരാശരിയേക്കാൾ 4 ദിവസം കൂടുതലാണ് കേരളത്തിൽ.ഏറ്റെടുത്ത വികസനപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നും പുതിയ പദ്ധതികളും നിക്ഷേപങ്ങളും കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ കൂടുതൽ സംരംഭക സൗഹ്യദമാകുന്നതിനായി രൂപം നൽകിയ കെസ് വിഫ്റ്റ് എന്ന ഏകജാലക സംവിധാനം വഴി 2547 സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സർക്കാർ അംഗീകാര പത്രങ്ങൾ നൽകി. 361 സേവനങ്ങൾക്കുള്ള അംഗീകാരവും നൽകി. 717.80 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ വരുന്നത്. പത്തു കോടി രൂപ വരെ നിക്ഷേപമുള്ള പദ്ധതി നിർദ്ദേശങ്ങൾക്ക് തത്ക്ഷണം അനുമതി നൽകുന്ന തരത്തിൽ പരിഷ്‌കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യക്തിപരമായ അധിക്ഷേപങ്ങളിൽ നിന്ന് മാദ്ധ്യമങ്ങളും മാറിനിൽക്കണം: മുഖ്യമന്ത്രി
വ്യക്തിപരമായ അധിക്ഷേപങ്ങളിൽ നിന്ന് സമൂഹ മാദ്ധ്യമങ്ങൾ മാത്രമല്ല, മറ്റ് മാദ്ധ്യമങ്ങളും ഒഴിഞ്ഞു നിൽക്കുന്നതാണ് അഭികാമ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാദ്ധ്യമപ്രവർത്തകർക്ക് നേരെ നടന്ന സൈബർ ആക്രമണങ്ങൾ സംബന്ധിച്ച പരാതിയിൽ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ്, എല്ലാ മാദ്ധ്യമങ്ങൾക്കും മുഖ്യമന്ത്രി പൊതുവായ മുന്നറിയിപ്പ് നൽകിയത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെ കൈകാര്യം ചെയ്യാൻ കടുത്ത നടപടിയുണ്ടാകുമെന്നദ്ദേഹം സൂചിപ്പിച്ചു. "ഏതെങ്കിലുമൊരു കൂട്ടർക്കെതിരെ വ്യക്തിപരമായ അധിക്ഷേപം വന്നാൽ, ആഹാ, അത് തരക്കേടില്ല, നല്ല കാര്യം, അടിയടിയടിയടി... പോട്ടെ, പോട്ടെ, പോട്ടെ... അതേ വഴിക്ക് പോട്ടെ... എന്ന് കൈയടിച്ച് കൊടുക്കുകയും മറ്റ് ചിലർക്കെതിരെ വരുമ്പോൾ, ഓഹോ, അങ്ങനെ പറഞ്ഞോ... അങ്ങനെ പറയാൻ പാടുണ്ടോ... എന്ന് പറഞ്ഞ് രോഷം കൊള്ളുകയും ചെയ്യുന്ന ഇരട്ടത്താപ്പ് പാടില്ല. നമ്മളെല്ലാവരും ഇക്കാര്യത്തിൽ ഒരേ സമീപനം സ്വീകരിച്ച് പോകണം. വ്യക്തിപരമായ അധിക്ഷേപം ആരും നടത്തരുത്. ആശയസംവാദമാകാം. അഭിപ്രായങ്ങൾ പരസ്പരം കൈമാറുന്ന നിലയാകാം"- ഉപദേശരൂപേണ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. വ്യാജവാർത്തകൾ ബോധപൂർവം പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ട്. അത്തരം കാര്യങ്ങൾ കണ്ടെത്താൻ പ്രത്യേക സംവിധാനമുണ്ടാകും. അങ്ങനെയായാൽ നല്ല രീതിയിൽ ഫലമുണ്ടാക്കാനാകുമെന്ന് കരുതുന്നു. പൊതുവെ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ചില പ്രയാസങ്ങളുണ്ട്. കുറേക്കൂടി നിയമപരമായ കരുത്ത് വേണ്ടുന്ന കാര്യമാണ്. അതുമായി ബന്ധപ്പെട്ട് പൊതു അഭിപ്രായം പരിശോധിക്കണം.