b

തിരുവനന്തപുരം: ലോക്ക് ഡൗണിൽ പട്ടിണിയെ മുഖാമുഖം കണ്ട ജീവിതങ്ങൾ നിരവധിയുണ്ട് നമ്മുക്ക് ചുറ്രും. അതിൽ ഒരേടാണ് ബാർബർമാരുടെയും ബ്യൂട്ടിഷ്യന്മാരുടെയും ജീവിതം. ലോക്ക് ഡൗണിൽ തന്നെ ജീവിത താളം തെറ്റിയവർ. എല്ലാം കഴിഞ്ഞ് നിയന്ത്രണങ്ങളുടെ അകമ്പടിയോടെ ബ്യൂട്ടിപാർലറുകളും ബാർബർ ഷോപ്പുകളും തുറന്നെങ്കിലും രോഗ വ്യാപനവും കണ്ടെയിൻമെന്റ് സോണുകളും കാരണം എല്ലാ പ്രതീക്ഷകളും ഇല്ലാതായി. ഒരു കവർ പാൽ വാങ്ങാനുള്ള ശേഷി പോലും ഇല്ലാതായവർ.

ജീവിതച്ചെലവ്,​ വായ്‌പാ തിരിച്ചടവ്,​ കടവാടക,​ കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയ്‌ക്കുള്ള മാർഗങ്ങളെല്ലാം അടഞ്ഞവരിൽ ഒരാളാണ് കരകുളം ഏണിക്കരയിൽ ബ്യൂട്ടി പാർലർ നടത്തുന്ന മഞ്ജു. 'പുതിയ കടയ്‌ക്കായി മൂന്നു ലക്ഷം രൂപ വായ്പ എടുത്തു. 50,​000 രൂപയേ തിരിച്ചടവായിട്ടുള്ളൂ. ബ്യൂട്ടി പാർലർ ഇപ്പോൾ തുറക്കുന്നില്ല. വാടക കൊടുത്തില്ലെങ്കിൽ കട ഒഴിയേണ്ടിവരും. മൂത്ത കുട്ടി നീറ്റ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയാണ്. ഇളയവൻ ഏഴിലും. മുന്നോട്ടു പോകാൻ വഴിയൊന്നുമില്ല"- നിറഞ്ഞ കണ്ണുകളും ഇടറുന്ന വാക്കുകളുമായി മഞ്ജു തുടരുന്നു.

 മഞ്ജുവിനിത് കണ്ണീരിന്റെ നഷ്ടകാലം

ലോക്ക് ഡൗണിൽ ജീവിതം ഇരുട്ടിലായ ആയിരക്കണക്കിന് ബ്യൂട്ടീഷ്യൻമാരുടെ പ്രതിനിധി മാത്രമാണ് മഞ്ജു. ലോക്ക് ഡൗണിൽ ഏപ്രിൽ,​ മേയ്,​ ജൂൺ മാസങ്ങളിലെ വിവാഹ സീസൺ പാടെ നഷ്ടമായി. പാർലറിലുള്ള കോസ്‌മെറ്റിക് സാധനങ്ങളും ഇലക്‌‌ട്രോണിക് സാധനങ്ങളുമെല്ലാം നശിച്ചു. മിക്കവരും ലോണെടുത്താണ് പാർലർ നടത്തുന്നത്. ഇടയ്‌ക്ക് കട തുറന്നെങ്കിലും മുടിവെട്ടാനുള്ള അനുമതിയാണ് നൽകിയത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഫേഷ്യലും മറ്റുമൊക്കെയാണ് ചെയ്യുക. എന്നാൽ അതിന് അനുവാദമില്ല. അതിനിടെ സാനിറ്റൈസർ,​ മാസ്ക്,​ ഗ്ലൗസ്,​ ഡിസ്പോസിബിൾ ഷീറ്റ് എല്ലാം കടകളിലൊരുക്കി. പക്ഷേ ബ്യൂട്ടി ക്ളിനിക്കിലൂടെ കൊവിഡ് പടരുമെന്ന വാട്സ് ആപ് പ്രചാരണം എല്ലാം താറുമാറാക്കി. ഒരു ഇൻഷ്വറൻസ് പരിരക്ഷ പോലുമില്ല. ഇങ്ങനായാൽ ചിങ്ങത്തിലെ സീസൺ കൂടി നഷ്ടമാകും. ഞങ്ങളെപ്പോലുള്ളവരോട് സർക്കാർ കനിയണമെന്നാണ് മഞ്ജുവിന്റെ അപേക്ഷ.