തിരുവനന്തപുരം: ഐ.ടി വകുപ്പിന് കീഴിലെ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ധനകാര്യ പരിശോധനാ വിഭാഗം ഉദ്യോഗസ്ഥന് സംസ്ഥാന സർക്കാരിന്റെ ഗുഡ് സർവീസ് എൻട്രി. ധനവകുപ്പ് അഡിഷണൽ സെക്രട്ടറി എസ്.അനിൽകുമാറിനും അക്കൗണ്ടന്റ് ജി.കെ.അജിത് രാജിനുമാണ് ഗുഡ് സർവീസ് എൻട്രി നൽകിയത്. പൊതുമരാമത്ത് വകുപ്പിൽ നടന്ന ക്രമക്കേട് നേരത്തെ അന്വേഷിച്ചതിന്റെ പേരിലാണിത്, സ്വർണക്കള്ളക്കടത്ത് വിവാദം ഉയർന്നതോടെ സ്വപ്ന സുരേഷിന്റെ നിയമനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇത് വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ നടത്തിയ നിയമനങ്ങൾ അന്വേഷിക്കാൻ ധനകാര്യ പരിശോധനാവിഭാഗത്തെ ചുമതലപ്പെടുത്തിയത്. സ്വർണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രൻ തുടങ്ങിയവരുടേത് അടക്കമുള്ള നിയമനങ്ങളും ഇതിൽ എം.ശിവശങ്കറുടെ ഇടപെടലുമാണ് അന്വേഷണ പരിധിയിയിലുള്ളത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ഫയലുകൾ സമിതി പരിശോധിച്ചിരുന്നു. സി ആപ്റ്റിൽ ലോട്ടറി വിതരണവുമായി ബന്ധപ്പെട്ട് 42 ലക്ഷത്തിന്റെ ക്രമക്കേട് നടത്തിയ 24 ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിലും ധനകാര്യപരിശോധന വിഭാഗത്തിനെതിരെ ആരോപണമുയർന്നിരുന്നു.