തിരുവനന്തപുരം: സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സാധാരണ രീതിയിൽ സ്കൂൾ, കോളേജ് ക്ളാസുകൾ ഉടനെ തുടങ്ങാവുന്ന സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ആരംഭിക്കാമെന്ന നിർദേശം ചില കോണുകളിൽ നിന്ന് വന്നിട്ടുണ്ട്. ഓൺലൈൻ രീതികളും തുടരേണ്ടിവരും. സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. അടുത്ത അക്കാഡമിക വർഷം സീറോ അക്കാഡമിക് വർഷം ആക്കണമെന്ന ചർച്ച ദേശീയതലത്തിൽ ഉയർന്നുവരുന്നുണ്ട്. അദ്ധ്യയനവും പരീക്ഷയും ഒഴിവാക്കുന്ന രീതിയാണിത്. യു.ജി.സി അന്തിമ തീരുമാനം എടുത്തിട്ടില്ല. സംസ്ഥാനത്തെ മിക്ക സർവകലാശാലകളിലും കോളേജുകളിലും കഴിഞ്ഞ സെമസ്റ്ററുകളുടെ അവസാന ഭാഗങ്ങൾ ഓൺലൈൻ വഴിയാണ് പൂർത്തിയാക്കിയത്. എല്ലാ വിദ്യാർത്ഥികളിലും ഓൺലൈൻ പഠനം എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.