തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷൻകാർഡ് ഉടമകൾക്ക് 11 ഇനം പലവ്യഞ്ജനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ചെയ്തു തുടങ്ങും.
രണ്ടായിരത്തോളം പായ്ക്കിംഗ് കേന്ദ്രങ്ങളിൽ ഗുണനിലവാരവും തൂക്കവും പരിശോധിച്ച് സന്നദ്ധപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കിറ്റുകൾ തയ്യാറാക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സാധനങ്ങൾ എത്തിച്ചേരുന്നതിലുണ്ടായ ബുദ്ധിമുട്ടുകൾ തരണംചെയ്താണ് കിറ്റുകൾ തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
500 ഒാളം രൂപ വിലയുള്ള ഉത്പന്നങ്ങളാണ് കിറ്റിൽ ഉണ്ടാകുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളിൽ പായ്ക്ക് ചെയ്യുന്ന കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചാണ് വിതരണം നടത്തുന്നത്.
ആദ്യഘട്ടത്തിൽ വിതരണം നടത്തുന്നത് അന്ത്യോദയ വിഭാഗത്തിൽ പെട്ട 5.95 ലക്ഷം കുടുംബങ്ങൾക്കാണ്. പിന്നീട് 31 ലക്ഷം മുൻഗണനാ കാർഡുകൾക്ക്. ആഗസ്റ്റ് 13, 14, 16 തീയതികളിൽ അന്ത്യോദയ വിഭാഗത്തിനുള്ളവ (മഞ്ഞ കാർഡുകൾക്ക്) വിതരണം ചെയ്യും. 19, 20, 21, 22 തീയതികളിൽ മുൻഗണനാ വിഭാഗങ്ങൾക്കുള്ള (പിങ്ക് കാർഡുകൾക്ക്) വിതരണം നടക്കും.
ഓണത്തിനുമുമ്പായി ശേഷിച്ച 51 ലക്ഷത്തോളം കുടുംബങ്ങൾക്കുള്ള (നീല, വെള്ള കാർഡുകൾക്ക്) കിറ്റുകളുടെ വിതരണവും ഉണ്ടാകും. ഓണച്ചന്തകൾ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആഗസ്റ്റ് 21 മുതൽ 10 ദിവസത്തേക്കു നടത്തും. റേഷൻ കാർഡുടമകൾ ജൂലായിൽ ഏത് കടയിൽ നിന്നാണോ റേഷൻ വാങ്ങിയത് ആ കടയിൽ നിന്ന് ഓണക്കിറ്റും കിട്ടും.
മുൻഗണനേതര കാർഡുകൾക്ക് 15 രൂപ നിരക്കിൽ കാർഡ് ഒന്നിന് 10 കിലോഗ്രാം സ്‌പെഷ്യൽ അരി ആഗസ്റ്റ് 13 മുതൽ ലഭിക്കും.