കൊല്ലം: ലൈസൻസില്ലാതെ നഗരത്തിലൂടെ ബൈക്ക് അഭ്യാസം നടത്തിയ യുവതിക്കും യുവാവിനുമെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. തീരദേശ റോഡിലൂടെ ബൈക്കിൽ അഭ്യാസം നടത്തിയ യുവാവും യുവതിയും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ ദൃശ്യങ്ങളിലെ ബൈക്കുകളുടെ നമ്പർ പിന്തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഇവരിലേക്ക് എത്തിയത്. ലൈസൻസ് ഇല്ലാതെ അഭ്യാസം നടത്തിയ 21 വയസുള്ള യുവാവിന് 10,000 രൂപയും ലൈസൻസും ഹെൽമറ്റും ഇല്ലാതെ അഭ്യാസം നടത്തിയ യുവതിക്ക് 10,500 രൂപയും പിഴ ഈടാക്കി.
ഹെൽമെറ്റ് ധരിക്കാതെ നഗരത്തിലൂടെ രൂപമാറ്റം വരുത്തിയ ബൈക്കിൽ സഞ്ചരിച്ച യുവതിക്ക് കഴിഞ്ഞ ആഴ്ച മോട്ടോർവാഹന വകുപ്പ് 20,500 രൂപ പിഴ ചുമത്തിയിരുന്നു. ബൈക്ക് സ്റ്റണ്ടിംഗ് സംഘത്തിനൊപ്പം ബൈക്കിൽ പോകുന്ന വീഡിയോ ദൃശ്യങ്ങൾ അന്ന് യുവതി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത്. പെൺകുട്ടിയുടെ കൊല്ലം പുന്തലത്താഴത്തെ വീട്ടിലെത്തിയായിരുന്നു അന്ന് നടപടിയെടുത്തത്. ബൈക്ക് സ്റ്റണ്ടിംഗ് ദൃശ്യങ്ങൾ പകർത്താൻ കാമറാ സംഘവും ഇത്തരക്കാർക്കൊപ്പം ഉണ്ടാകാറുണ്ട്. സ്റ്രണ്ടിംഗ് സംഘത്തെ കൂട്ടത്തോടെ പിടികൂടി കനത്ത പിഴ ഈടാക്കാനാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് യൂണിറ്റിന്റെ നീക്കം.
യാത്രക്കാരെ വെല്ലുവിളിച്ച് ബൈക്ക് സ്റ്റണ്ടിംഗ്
ബൈക്ക് സ്റ്റണ്ടിംഗ് എന്ന പേരിൽ ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾ ഒറ്റ ചക്രത്തിൽ പറപ്പിച്ച് ജനങ്ങളെ ഭയപ്പെടുത്തുന്നതാണ് ഇവരുടെ വിനോദം. കോളേജ് ജംഗ്ഷൻ മുതൽ കർബല ജംഗ്ഷൻ റോഡ്, ബീച്ച് റോഡ്, തീരദേശ റോഡ് എന്നിവിടങ്ങളാണ് ഇവരുടെ പ്രധാന കേന്ദ്രങ്ങൾ. യുവതികൾ ഉൾപ്പെടെയുള്ള സംഘം ഗതാഗത നിയമങ്ങൾ മറികടന്നാണ് ഇവിടെയെത്തി ജനങ്ങളെയും യാത്രക്കാരെയും വെല്ലുവിളിക്കുന്നത്. കൊവിഡ് കാലത്തിന് മുമ്പും ഇതേ റോഡുകൾ ഇവരുടെ വിനോദ പ്രകടനത്തിന്റെ വേദിയായിരുന്നു.