തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. അക്കൗണ്ട് വിഭാഗത്തിലെ ക്ലാർക്കായ വിഴിഞ്ഞം തിരുപുറം സ്വദേശിക്കാണ് രോഗബാധയുണ്ടായത്. ഇയാളുടെ വീട് ഉൾപ്പെടുന്ന മേഖല കണ്ടെയ്ൻമെന്റ് സോണായതിനാൽ കഴിഞ്ഞ ബുധനാഴ്‌ചയാണ് അവസാനമായി ജോലിക്കെത്തിയത്. ഇദ്ദേഹത്തിന്റെ നാട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇദ്ദേഹത്തെ കൂടാതെ ഭാര്യ, മൂന്നു മക്കൾ, അമ്മ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആന്റിജൻ പരിശോധനാഫലം ഇന്നലെ ഉച്ചയോടെയാണ് അറിഞ്ഞത്. തുടർന്ന് ഓഫീസ് അണുവിമുക്തമാക്കി. അക്കൗണ്ട്സ് വിഭാഗത്തിലെ ജീവനക്കാരും ക്ലർക്കുമായി സമ്പർക്കം പുലർത്തിയ മറ്റുവിഭാഗങ്ങളിലുള്ളവർ ഉൾപ്പെടെ 20തോളം പേരെ നിരീക്ഷണത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌ത ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്‌ണകുമാറുമായും ഇദ്ദേഹം സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഡയറക്ടറേറ്റിലെ പകർച്ചവ്യാധി നിരീക്ഷണ സെല്ലിലെ ഹെൽത്ത് ഇൻസ്‌പെക്ടറായിരുന്ന കൃഷ്‌ണകുമാറിന് മരണശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്.