ചിറയിൻകീഴ്: ഗ്രാമീണ മേഖലയിലെ പ്രധാന കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ മിഴി അണച്ചതോടെ യാത്രക്കാർ ഇരുട്ടിലായി. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, അഴൂർ ഗ്രാമപഞ്ചായത്തിലെ മേട ജംഗ്ഷൻ, നാലുമുക്ക്, മുട്ടപ്പലം എന്നീവിടങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകളാണ് കത്താതായിട്ട് മാസങ്ങൾ പിന്നിടുന്നത്.
ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനോട് ചേർന്ന് കിടക്കുന്ന റെയിൽവേയുടെ പുറംപ്പോക്കിലാണ് ഇവിടെ ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. ഇവിടെ എത്തുന്നവർക്ക് രാത്രികാലങ്ങളിൽ ഇരുട്ടിൽ തപ്പിത്തടയാതെ നടക്കാൻ ഏറെ പ്രയോജനകരമായിരുന്നു ഈ ഹൈമാസ്റ്റ് ലൈറ്റുകൾ. ലൈറ്റുകൾ പ്രകാശിക്കാത്തതുകാരണം രാത്രികാലങ്ങളിൽ ഇവിടെ എത്തുന്നവർ ഇവിടം കടക്കാൻ പ്രയാസപ്പെടുകയാണ്. ഇവിടുത്തെ അരയാൽ വൃക്ഷങ്ങളിലാണ് ആയിരക്കണക്കിന് പറവകൾ ചേക്കേറുന്നത്. ബസ് സ്റ്റാൻഡ് പരിസരത്ത് രാത്രികാലങ്ങളിൽ പ്രവേശിച്ചാൽ പക്ഷി കാഷ്ടം ദേഹത്ത് പതിക്കുന്നത് ഇവിടെത്തെ പതിവ് സംഭവമാണ്.
ഇതു സംബന്ധിച്ച് അഴൂർ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും ഇതുവരെ യാതൊരു ഫലവുമുണ്ടായില്ലെന്ന് അഴൂർ- പെരുങ്ങുഴി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ സംയുക്തമായി പറയുന്നു.
ലൈറ്റുകൾ കത്താത്തത് സാമൂഹ്യവിരുദ്ധന്മാർക്കും മോഷ്ടാക്കൾക്കും അനുകൂല സാഹചര്യം ഉണ്ടാക്കാനെ ഉപരിക്കൂവെന്നും ജനങ്ങളുടെ സുഗമമായ യാത്രയ്ക്കും നാട്ടിൽ വെട്ടവും വെളിച്ചവും പകരാനുമായി എത്രയും വേഗം ഹൈമാസ്റ്റ് ലൈറ്റുകൾ പ്രകാശിപ്പിക്കുന്നതിന് അനുയോജ്യമായ തീരുമാനങ്ങൾ ബന്ധപ്പെട്ട അധികാരികൾ കൈക്കൊള്ളണമെന്നുമാണ് പൊതുജനാഭിപ്രായം.