ആദ്യ സിനിമ മുതൽ രാശിയില്ലാത്തവൾ എന്ന് മുദ്ര കുത്തപ്പെട്ടതിനെ കുറിച്ച് നടി വിദ്യാ ബാലൻ തുറന്നു പറഞ്ഞിരിക്കുകയാണിപ്പോൾ. മോഹൻലാലിനൊപ്പമാണ് വിദ്യ അഭിനയരംഗത്തേക്ക് എത്തുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം ഷൂട്ടിംഗ് നിർത്തിവച്ചു. ഇതോടെ തനിക്ക് ലഭിച്ച 8 സിനിമകളിൽ നിന്നും മാറ്റിയതായും വിദ്യ പറയുന്നു. കരിയറിന്റെ തുടക്കകാലത്ത് അനുഭവിച്ച ദുരിതത്തെ കുറിച്ചാണ് വിദ്യ ഒരു മാഗസീനിൽ വെളിപ്പെടുത്തിയത്.
വിദ്യ ബാലന്റെ വാക്കുകൾ
മോഹൻലാലിനൊപ്പം മലയാളത്തിൽ ആദ്യമായി ഫീച്ചർ ഫിലിം ചെയ്തു. എന്റെ ആദ്യ ഷെഡ്യൂളിന് ശേഷം 7, 8 സിനിമകളുടെ ഓഫറുകളും ലഭിച്ചു. എന്നാൽ ആദ്യ ഷെഡ്യൂളിന് ശേഷം എന്നെ സിനിമയിൽ നിന്നും ഒഴിവാക്കി. ഇതോടെ മറ്റു സിനിമകളിൽ നിന്നും എന്നെ മാറ്റി. തുടർന്ന് എന്നെ രാശിയില്ലാത്തവളായി മുദ്രകുത്തി. ഇത് പരിഹാസ്യമാണ്. ഞാൻ ഇതിൽ വിശ്വസിക്കുന്നില്ല. അത്തരം അന്ധവിശ്വസമുള്ള ആളല്ല ഞാൻ. വിജയമോ പരാജയമോ മറ്റൊരാൾ കാരണമാകും എന്ന് ഞാൻ കരുതുന്നില്ല. സിനിമകളിൽ നിന്നും എന്നെ മാറ്റിയതോടെ എന്റെ ഹൃദയം തകർന്നു. അക്കാലത്ത് ഒരു വലിയ സിനിമയിൽ നിന്നും എന്നെ പുറത്താക്കി.
ദേഷ്യം മുഴുവൻ അമ്മയോടാണ് കാണിച്ചത്. പ്രാർത്ഥനകളിലൂടെയും മെഡിറ്റേഷനിലൂടെയും എന്നെ ശാന്തയാക്കാൻ അമ്മ ശ്രമിച്ചു. എന്തുകൊണ്ട് നിനക്ക് ഇരുന്ന് പ്രാർത്ഥിച്ചു കൂടാ എന്ന് അവർ ചോദിച്ചു. എന്നാൽ ദേഷ്യവും നിസാഹായവസ്ഥയും കാരണം ഞാൻ അമ്മയുമായി വഴക്കിടുകയായിരുന്നു.