തിരുവനന്തപുരം: മാദ്ധ്യമങ്ങളെ ശരിപ്പെടുത്താൻ മുഖ്യമന്ത്രി തന്റെ സൈബർ ഗുണ്ടകൾക്ക് ക്വട്ടേഷൻ നൽകിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വിമർശിക്കുന്നവരെ മാത്രമല്ല വാർത്താസമ്മേളനത്തിൽ ചോദ്യം ചോദിക്കുന്നവരെയും അവരുടെ കുടുംബങ്ങളെപോലും ഹീനമായ തരത്തിലാണ് വേട്ടയാടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ട്രംപും മോദിയും പിണറായിയും ചെയ്യുന്ന കാര്യങ്ങൾ തമ്മിൽ ഒരു വ്യത്യാസവുമില്ല. മൂന്ന് പേരും ഒരേ ശൈലിയുടെ പിൻതുടർച്ചക്കാരാണ്. അധികാരം പോകുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. സമനിലതെറ്റിയ നിലയിലാണ് പ്രതികരണം. വൈകുന്നേരങ്ങളിലുള്ള തള്ളൽ മാത്രമായി കൊവിഡ് പ്രതിരോധം മാറിയിരിക്കുന്നു. പാവപ്പെട്ടവർക്ക് വീട് വച്ച് നൽകുന്ന പദ്ധതി വരെ അഴിമതിയിൽ നിൽക്കുമ്പോൾ അത് ചൂണ്ടിക്കാട്ടുന്നവരെ ഗൂഢസംഘമെന്നും ഉപജാപകരെന്നും വിളിച്ച് ആക്ഷേപിക്കുകയാണ്.
"എന്നെച്ചാരി അവിടത്തെ പ്രശ്നങ്ങൾ ഉന്നയിക്കണ്ട എന്നാണ് മുഖ്യമന്ത്രി പറയുന്നത്, എപ്പോഴാണ് ഞാൻ മുഖ്യമന്ത്രിയെ ചാരിയത്, ഞാൻ മറുപടി നൽകിയത് കോടിയേരിക്കായിരുന്നു. ബി.ജെ.പിക്കാരന്റെ കേസ് പിൻവലിച്ചതിനെക്കുറിച്ച് കോടിയേരി എനിക്കെതിരെ ആരോപണമുന്നയിച്ചപ്പോഴാണ് മറുപടി നൽകിയത്. പിണറായി ചിത്രത്തിലേ വന്നില്ല അദ്ദേഹം അത് ഏറ്റെടുക്കുകയായിരുന്നു. ആ കുത്തിത്തിരിപ്പ് കൈലിരിക്കട്ടെ." ചെന്നിത്തല പറഞ്ഞു.
ടെസ്റ്റുകളുടെ എണ്ണം കൂട്ടി രോഗവ്യാപനം കുറയ്ക്കുകയാണ് വേണ്ടത്. സാമൂഹിക അകലം പാലിക്കണമെന്നാണ് താൻ നിയമസഭയിൽ പ്രസംഗിച്ചത്. അടച്ചിടൽ വേണമെന്ന് ആദ്യം പറഞ്ഞതും താനായിരുന്നു. ഈ രണ്ട് രീതികളെപ്പറ്റി പരസ്യമായ സംവാദത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടോ? ട്രഷറി തട്ടിപ്പിൽ ധനമന്ത്രിയും ട്രഷറി ഡയറക്ടറുമാണ് യഥാർത്ഥ പ്രതികളെന്നും അദ്ദേഹം ആരോപിച്ചു.
#പകർപ്പിനായി മുഖ്യമന്ത്രിക്ക് കത്ത്
പാവപ്പെട്ടവർക്ക് വീട് വച്ച് നൽകുന്ന പദ്ധതിക്ക് എങ്ങനെയാണ് സ്വപ്നയ്ക്ക് ഒരു കോടി കമ്മിഷൻ കിട്ടിയത്. ഈ പദ്ധതിയുടെ എം.ഒ.യു ഒപ്പിട്ടതിന്റെ പകർപ്പ് തനിക്ക് തരണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി. പദ്ധതിയുമായി ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതിനെപ്പറ്റി അന്വേഷിക്കാൻ നിയമിച്ച രണ്ടംഗ കമ്മിഷനിൽ ഇപ്പോൾ ഒരാൾ മാത്രമായി. ഗൾഫിൽ പദ്ധതിയെപ്പറ്റി ചർച്ച നടന്നപ്പോൾ സ്വപ്ന പങ്കെടുത്തിരുന്നോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.