customs

പഴയകാലത്ത് ഒരു വ്യാപാരി തന്റെ ചരക്കുകൾ വില്ക്കാൻ മറ്റൊരു രാജ്യത്ത് പോകുമ്പോൾ, ആ രാജ്യത്തെ നാടുവാഴിക്ക് സമ്മാനങ്ങൾ നൽകുക പതിവായിരുന്നു. പിൽക്കാലത്ത് അതൊരു ആചാരമായി മാറി. കാലാന്തരത്തിൽ മേൽപ്പറഞ്ഞ ആചാരം പേരുമാറ്റം വന്ന് 'കസ്റ്റംസ്" എന്ന് അറിയപ്പെട്ടുതുടങ്ങി. കാലം വീണ്ടും കഴിഞ്ഞതോടെ ഓരോ രാജ്യവും അവരവരുടെ താത്പര്യം അനുസരിച്ച് വിവിധ വ്യവസ്ഥകളോടെ കയറ്റുമതി, ഇറക്കുമതി തീരുവ എന്ന രീതിയിലാക്കുകയും ചെയ്തു. നമ്മുടെ രാജ്യത്ത് ഇറക്കുമതി, കയറ്റുമതി നികുതികളെ പറ്റി സമഗ്രമായ ഒരു നിയമം വരുന്നത് 1962-ലെ 'ദ കസ്റ്റംസ് ആക്ട്" പ്രാബല്യത്തിൽ വന്നതോടുകൂടിയാണ്. 1962 നു ശേഷം നിരവധി ഭേദഗതികൾ ഈ നിയമത്തിന് വരുത്തിയിട്ടുണ്ട്.

കസ്റ്റംസ് നിയമം പ്രാബല്യത്തിൽ വന്നതോടെ കേന്ദ്ര ഗവൺമെന്റ് നിശ്ചയിക്കുന്ന തുറമുഖങ്ങളിലൂടെയും വിമാനത്താവളങ്ങളിലൂടെയും മാത്രമേ കയറ്റുമതിയും ഇറക്കുമതിയും നടത്തുവാൻ പാടുള്ളൂ.

കസ്റ്റംസ് നിയമമനുസരിച്ച് കേന്ദ്ര ഗവൺമെന്റിന് ഒരു വിജ്ഞാപന പ്രകാരം ചില വസ്തുക്കൾക്ക് കയറ്റുമതി, ഇറക്കുമതികൾ നിരോധിക്കാൻ അധികാരമുണ്ട്.

ഇറക്കുമതിയും കയറ്റുമതിയും നിയമങ്ങൾക്ക് വിധേയമായേ നടത്താവൂ. നിയമക്രമം പാലിക്കാത്ത വസ്തുക്കൾ കണ്ടുകെട്ടുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്.

വിദേശത്തു നിന്ന് വരുന്നവർ തങ്ങൾക്കൊപ്പം കൊണ്ടുവരുന്ന വസ്തുവകകൾ, ബാഗേജായി അവർ കയറ്റി അയയ്ക്കുന്ന സാധനങ്ങൾ എന്നിവ ഇറക്കുമതിയായി കണക്കാക്കി അവയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ തീരുവ നിശ്ചയിക്കുന്നതാണ്. യാത്രക്കാരൻ കൊണ്ടുവന്നിട്ടുള്ള സാധനങ്ങളെ സബന്ധിച്ച് യഥാർത്ഥ വിവരങ്ങളും അവ തീരുവയുടെ പരിധിയിൽ വരുമെങ്കിൽ അതിനെക്കുറിച്ചുള്ള വിവരങ്ങളും നിർദ്ദിഷ്ട ഫാറത്തിൽ നൽകുകയും, അത് അനുവദനീയ തീരുവയ്ക്കുള്ളിലാണെന്ന് കസ്റ്റംസ് ഓഫീസർക്ക് ബോദ്ധ്യപ്പെടുകയും ചെയ്താൽ, തീരുവ ചുമത്താതെ ഉടനെ തന്നെ സാധനങ്ങൾ വിട്ടയയ്ക്കാം.

വിപുലമായ അധികാരങ്ങളാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ളത്. കള്ളക്കടത്ത് തടയുക എന്നുള്ളതാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. നിയമവിരുദ്ധമായി ഇറക്കുമതി ചെയ്ത വസ്തുക്കൾ കണ്ടുകെട്ടുന്നതിനും ആരുടെ കൈവശമാണോ അത്തരം വസ്തുക്കൾ ഉള്ളത് അവർക്ക് ഭാരിച്ച പിഴ ചുമത്തുന്നതിനും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. കസ്റ്റംസ് നിയമം ലംഘിച്ച് കള്ളക്കടത്തിലൂടെ വസ്തുക്കൾ കടത്തിയെന്ന് ഉത്തമ ബോദ്ധ്യം വന്നാൽ, അങ്ങനെയുള്ള വസ്തുക്കൾ ആരുടെ പക്കൽ നിന്നാണോ പിടിച്ചെടുത്തത്, അവരുടെ ബാദ്ധ്യതയാണ് പിടിച്ചെടുത്ത വസ്തുക്കൾ കള്ളക്കടത്തിലൂടെയല്ല കൊണ്ടുവന്നതെന്ന് തെളിയിക്കേണ്ടത്. കസ്റ്റംസ് കമ്മിഷണർ അധികാരപ്പെടുത്തിയിട്ടുള്ള ഓഫീസർമാർക്ക് സ്വർണം, ഡയമണ്ട്, തുടങ്ങി കേന്ദ്ര ഗവൺമെന്റ് വ്യക്തമാക്കിയിട്ടുള്ള മറ്റു വസ്തുക്കൾ എന്നിവ ആരെങ്കിലും ഒളിച്ചുവച്ചിരിക്കുന്നു എന്ന് ബോദ്ധ്യം വന്നാൽ അവരെ വിശദ ശരീര പരിശോധന ഉൾപ്പെടെയുള്ള അന്വേഷണങ്ങൾക്ക് വിധേയരാക്കാം. വിമാനവും കപ്പലുകൾ ഉൾപ്പെടെ ഏതു വാഹനവും കള്ളക്കടത്ത് നടത്തുന്നതായോ, നടത്തിയതായോ, അധികാരമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥന് വിശ്വാസയോഗ്യമായി ബോദ്ധ്യപ്പെട്ടാൽ അങ്ങനെയുള്ള വാഹനങ്ങൾ തടയാനും അധികാരമുണ്ട്. പറന്നുയർന്ന വിമാനമാണെങ്കിൽ അത് ലാൻഡ് ചെയ്യിക്കുവാനും സമഗ്രമായി പരിശോധിക്കാനും അധികാരമുണ്ട്.

കസ്റ്റംസ് നിയമലംഘകർക്ക് കഠിനമായ ശിക്ഷയാണ് നിയമത്തിൽ പറയുന്നത്. നിയമപരമായി കണ്ടുകെട്ടേണ്ട വസ്തുക്കൾ അറിഞ്ഞുകൊണ്ട് കൈവശം വയ്ക്കുകയോ, മാറ്റുകയോ, സൂക്ഷിക്കുകയോ, വാങ്ങുകയോ, ഒളിച്ചു വയ്ക്കുകയോ, വില്ക്കുകയോ, മറ്റേതെങ്കിലും തരത്തിൽ കൈകാര്യം ചെയ്യുകയോ കയറ്റുമതി ചെയ്യുകയോ, കബളിപ്പിച്ച് തീരുവയിൽ ഇളവു നേടുകയോ, കബളിപ്പിച്ചുണ്ടാക്കിയ ആധികാരിക രേഖകൾ ഉപയോഗപ്പെടുത്തുകയോ ചെയ്താൽ അങ്ങനെ ചെയ്യുന്നവർക്ക് 7 വർഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ്. കള്ളക്കടത്തുകാർക്കെതിരെ കൺസർവേഷൻ ഒഫ് ഫോറിൻ എക്സ്‌ചേഞ്ച് ആൻഡ് പ്രിവൻഷൻ ഒഫ് സ്മഗിളിംഗ് ആക്റ്റിവിറ്റീസ് ആക്ട് (Cofeposa) അനുസരിച്ച് നടപടി സ്വീകരിച്ചാൽ അങ്ങനെയുള്ളവർക്ക് ഒന്നു മുതൽ രണ്ടുവർഷം വരെ ജാമ്യം ലഭിക്കാതെ തടങ്കലിൽ കഴിയേണ്ടതായി വരും. കള്ളക്കടത്ത് മുതൽ ഇന്ത്യയിൽ ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നു എന്ന് ബന്ധപ്പെട്ട അധികാരികൾക്ക് സംശയമോ ബോദ്ധ്യമോ വന്നാൽ, അങ്ങനെ കള്ളക്കടത്ത് നടത്തിയവർക്കെതിരെയും അവരെ സഹായിച്ചവർക്കെതിരെയും അൺ ലാഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (യു.എ.പി.എ) അനുസരിച്ച് കേസെടുക്കാവുന്നതാണ്. അതുപോലെ തന്നെ സ്‌മഗിളേസ് ആൻഡ് ഫോറിൻ എക്സ്‌ചേഞ്ച് മാനിപുലേറ്റേഴ്സ് ഫോർ ഫീച്ചർ ഒഫ് പ്രോപ്പർട്ടി ആക്ട് 1976 അനുസരിച്ച് കള്ളക്ക‌ടത്തുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാവുന്നതാണ്.

1990 ജൂൺ മാസത്തിൽ ഗോൾഡ് കൺട്രോൾ ആക്ട് റദ്ദു ചെയ്യപ്പെട്ടതോടെ സ്വർണം ഇറക്കുമതിക്ക് കേന്ദ്ര ഗവൺമെന്റ് അനുമതി നൽകി. 10 കിലോ സ്വർണം വരെ തീരുവ അടച്ച് ഒരു യാത്രക്കാരന് വിദേശത്തുനിന്ന് കൊണ്ടുവരാൻ നിയമം അനുവദിച്ചിരുന്നു. അതിനുശേഷം വിദേശവാസം കഴിഞ്ഞുവരുന്ന അർഹതയുള്ള ഒരു യാത്രക്കാരന് 5

കിലോ സ്വർണം വരെ തീരുവ നൽകി കൊണ്ടുവരാമായിരുന്നു. 2016-ൽ ബാഗേജ് നിയമത്തിൽ മാറ്റം വന്നതിനാൽ അത് ഒരു കിലോ സ്വർണമായി പരിമിതപ്പെടുത്തി. നിയമവിരുദ്ധമായി സ്വർണം കടത്തി പിടിക്കപ്പെട്ടാൽ ആ സ്വർണം കണ്ടുകെട്ടുന്നതോടൊപ്പം അയാൾ പിഴ അടയ്ക്കേണ്ടതായും മറ്റു ബന്ധപ്പെട്ട എല്ലാ നിയമ നടപടികൾക്കും വിധേയനാകുകയും വേണം. ഒരു കോടിയിൽ കൂടുതൽ വിലപിടിപ്പുള്ള സ്വർണമോ മറ്റു വസ്തുവോ കടത്തുകയോ, അൻപത് ലക്ഷത്തിൽ കൂടുതൽ വരുന്ന തുക തീരുവ നൽകാതെയോ, തീരുവ നൽകാതിരിക്കാൻ ശ്രമിക്കുകയോ ചെയ്താൽ അങ്ങനെയുള്ള കുറ്റങ്ങൾക്ക് ഏഴുവർഷം വരെ ശിക്ഷയും പിഴയും ലഭിക്കാവുന്നതാണ്.