varkkala-sn-college
വർക്കല എസ്.എൻ കോളജ്

തമിഴ്‌നാട്ടിൽ ഒരു കോളേജ് പ്രിൻസിപ്പൽ സ്വന്തം വിദ്യാർത്ഥിയുടെ കുത്തേറ്റു മരിച്ച കാലത്താണ് ഞാൻ പ്രിൻസിപ്പലായത്. അതേ കാലയളവിലാണ് തിരുവനന്തപുരത്തെ എം.ജി കോളേജിലെ പ്രിൻസിപ്പലിന്റെയും അദ്ധ്യാപകരുടെയും വീടുകളിൽ വിദ്യാർത്ഥികൾ ആക്രമണം നടത്തിയത്.

ഒരു പ്രിൻസിപ്പലിന്റെ സേവനവഴി മുള്ളുകൾ നിറഞ്ഞതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഒരു കോളേജിന് യു.ജി.സി നിർദ്ദേശിക്കുന്ന യോഗ്യതയുള്ള പ്രിൻസിപ്പൽ ഉണ്ടാകണം. ''ചിലർ ഏറ്റെടുക്കും, ചിലർ ഏറ്റെടുക്കില്ല". ഏറ്റെടുക്കുന്ന പ്രിൻസിപ്പൽമാർക്ക് പൂർണ പിന്തുണ നൽകുന്ന സമീപനമാണ് എസ്.എൻ. കോളേജുകളുടെ മാനേജരായ വെള്ളാപ്പള്ളി നടേശൻ സ്വീകരിച്ചിട്ടുള്ളത്. സ്ഥാപന വിരുദ്ധമായ നിലപാടെടുത്തവർക്കെതിരെ നടപടിയെടുത്ത ചരിത്രവുമുണ്ട്. എസ്.എൻ കോളേജുകളിലെ പ്രിൻസിപ്പൽ സേവനകാലം എനിക്ക് അഭിമാനകരമാണ്.

നാക്കിന്റെ 'എ" ഗ്രേഡ് കിട്ടിയ മൂന്ന് കോളേജുകൾ. 'എ" ഗ്രേഡിനോടടുത്തു നിൽക്കുന്ന പത്തോളം എയ്‌ഡഡ് കോളേജുകൾ, പതിനാറ് പുതിയ കോളേജുകൾ തുടങ്ങിയവ എസ്.എൻ. ട്രസ്റ്റിന്റെ അഭിമാനസ്തംഭങ്ങളാണ്.

1994 ഒക്ടോബറി​ൽ കൊല്ലം എസ്. എൻ. കോളേജി​ൽ ഞാൻ അദ്ധ്യാപകനായി​ ജോലി​യി​ൽ പ്രവേശി​ക്കുമ്പോൾ എസ്.എൻ. ട്രസ്റ്റ് റി​സീവർ ഭരണത്തി​ലായി​രുന്നു. പ്രസ്തുത കാലയളവി​ൽ ട്രസ്റ്റ് സ്ഥാപനങ്ങളി​ൽ കാര്യമായ വി​കസന പ്രവർത്തനങ്ങൾ നടന്നി​ല്ല. തുടർന്ന് നടന്ന തി​രഞ്ഞെടുപ്പി​ലൂടെയാണ് വെള്ളാപ്പള്ളി​ നടേശൻ സെക്രട്ടറി​യാകുന്നത്.

പെരുമ്പടവം ശ്രീധരന് വയലാർ അവാർഡ് ലഭി​ച്ചപ്പോൾ അദ്ദേഹത്തെ ആദരി​ക്കാൻ ക്ഷണി​ക്കാനായാണ് ആദ്യമായി​ വെള്ളാപ്പള്ളി​യെ നേരി​ൽ കാണുന്നത്. അദ്ദേഹം തി​രഞ്ഞെടുക്കപ്പെട്ടതി​നുശേഷം ഒരു കോളേജി​ൽ നടക്കുന്ന ആദ്യ പൊതുപരി​പാടി​യായി​രുന്നു കൊല്ലം ശ്രീനാരായണ കോളേജി​ൽ നടന്നത്. പി​ന്നീട് അദ്ദേഹത്തെ കാണാൻ ചെല്ലുന്നത് ഡെപ്യൂട്ടേഷനി​ൽ പോകാൻ അനുമതി​ ചോദി​ക്കാനാണ്. നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് ലവൽ പ്രോഗ്രാം കോ-ഓർഡി​നേറ്ററാകാൻ സ്നേഹപൂർവം അനുമതി​ തന്നു. നാലരവർഷക്കാലം ആ ജോലി​യി​ൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനും രണ്ട് സംസ്ഥാന അവാർഡുകൾ നേടാനും കഴി​ഞ്ഞു.

ഡെപ്യൂട്ടേഷൻ കഴി​ഞ്ഞു തി​രി​ച്ചെത്തി​യ എന്നോട് പ്രി​ൻസി​പ്പലാകാൻ ആവശ്യപ്പെടുകയായി​രുന്നു. ആലത്തൂർ ശ്രീനാരായണ കോളേജി​ലായി​രുന്നു ആദ്യ നി​യമനം. ഒരു ഇടതുപക്ഷ സഹയാത്രി​കനായ എന്നെ പ്രി​ൻസി​പ്പലാകാൻ ക്ഷണി​ച്ചതി​ലെ യുക്തി​ ആദ്യം മനസി​ലായി​ല്ല. ജനറൽ സെക്രട്ടറി​ പറഞ്ഞു : ''ആലത്തൂർ കോളേജ് വളരെ പിന്നോട്ട് പോയി. നിങ്ങൾ അത് പോയി നന്നാക്കണം. നിങ്ങൾ രാഷ്ട്രീയക്കാരനാണ്. നിങ്ങൾക്കതിന് കഴിയും."

പിന്നെ രണ്ടും കല്പിച്ച് നന്നാക്കാനുറച്ചു. സംഭവബഹുലമായ രണ്ട് വർഷം. ജനപ്രതിനിധിയുടെ ഉൾപ്പെടെ

ഭീഷണി, അഞ്ച് കോടതി കേസുകൾ, നിരവധി പൊലീസ് കേസുകൾ, സമരങ്ങൾ, പ്രിൻസിപ്പലിനെതിരെ മന്ത്രി, കളക്ടർ, മനുഷ്യാവകാശ കമ്മിഷൻ, വിജിലൻസ്, സർവകലാശാല, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് പരാതി ശരങ്ങൾ. എന്നിട്ടതിനും തീരാഞ്ഞിട്ട് കോളേജ് യൂണിയൻ ഭാരവാഹിയായ വിദ്യാർത്ഥിനിയുടെ സ്ത്രീപീഡന പരാതിയും. എല്ലാം കൃത്രിമ സൃഷ്ടികളാണെന്നറിയാവുന്ന മാനേജരുടെ പിന്തുണയില്ലായിരുന്നെങ്കിൽ രാജിവച്ച് ഒഴിയേണ്ടിവന്നേനെ.

എന്റെ അഭ്യർത്ഥന കണക്കിലെടുത്ത് 25 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികൾ നടത്തി. പുതിയ കമ്പ്യൂട്ടർ ലാബ് നിർമ്മിച്ചു. വനിതകൾക്കായി പുതിയ ടോയ്‌ലറ്റ് ബ്ളോക്ക് നിർമ്മിച്ചു. തുടർന്ന് പുതിയ ആഡിറ്റോറിയവും ഗുരുക്ഷേത്രവും ഒക്കെ നിർമ്മിച്ച് കോളേജിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ മാനേജർ തയ്യാറായി. കോളേജിന് ബി പ്ളസ് ഗ്രേഡ് ലഭിച്ചു. അതേ കോമ്പൗണ്ടിൽത്തന്നെ ഒരു സ്വാശ്രയ കോളേജും പണികഴിപ്പിച്ചു.

2014ൽ സ്വദേശത്തുള്ള ചെമ്പഴന്തി ശ്രീനാരായണ കോളേജിലേക്ക് സ്ഥലം മാറ്റം തരുമ്പോഴും മാനേജർക്ക് കൃത്യമായ കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു. യു.ജി.സി ഫണ്ടിന്റെ ശരിയായ വിനിയോഗം, നാക്ക് അക്രഡിറ്റേഷൻ, സുവർണ ജൂബിലി ആഘോഷങ്ങൾ, മറ്റ് വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി ചെയ്യാൻ അദ്ദേഹം കൃത്യമായ രൂപരേഖ തയ്യാറാക്കിത്തന്നു.

ഒരു ബോർവെൽ ഉണ്ടാക്കി. പുതിയ കവാടം പണിതു. കുട്ടികൾക്ക് റാങ്കുകൾ കിട്ടി. ജൂബിലി ആഘോഷങ്ങൾ ഭംഗിയായി നടത്തി. എല്ലാറ്റിനും മാനേജ്‌മെന്റിനുവേണ്ടി ഡി. പ്രേംരാജ് ഒപ്പം നിന്നു. 2017 ഡിസംബറിൽ വർക്കല കോളേജിലേക്ക് അയയ്ക്കുമ്പോഴും മാനേജർക്ക് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ഒരു വർഷക്കാലമായി സ്ഥിരം പ്രിൻസിപ്പലില്ല, എന്റെ ഏഴ് വർഷത്തെ പ്രിൻസിപ്പൽ സേവന കാലയളവിൽ റാഗിംങ് വകുപ്പ് ചുമത്തി ഒരു കേസെടുക്കേണ്ടി വന്നത് വർക്കലയിൽ മാത്രമാണ്. പ്രളയകാലത്ത് സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സഹകരിച്ചു. എന്നാൽ വലിയ പ്രചാരമൊന്നുമില്ലാതെ വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിലൊരുക്കിയ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചപ്പോൾ അത്ഭുതം തോന്നി. ഇത്രയും സൗകര്യങ്ങളും സഹായങ്ങളും നൽകിയ മറ്റൊരു ദുരിതാശ്വാസ ക്യാമ്പും കേരളത്തിലുണ്ടാവില്ല. അവശ്യ സാധനങ്ങളും ദുരിതാശ്വാസ ഫണ്ടുമായി എത്തിയ വർക്കല കോളേജിന്റെ മാനേജ്‌മെന്റ് പ്രതിനിധി അജി എസ്.ആർ.എം. നോടും എന്നോടും അദ്ദേഹം ആവശ്യപ്പെട്ടത് ദുരിതബാധിതർക്ക് നൽകാൻ 1000 ഷർട്ടുകളായിരുന്നു. രണ്ടുദിവസത്തിനുള്ളിൽ അത് എത്തിക്കാൻ കഴിഞ്ഞു.

കോളേജിൽ പുതിയ കമ്പ്യൂട്ടറുകൾ വാങ്ങി, ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സിനു വേണ്ടി ഒരു റസ്റ്റോറന്റ് തയ്യാറാക്കി. പിന്നീട് ക്ളാസുകളെല്ലാം ടൈലിട്ടു. മൂന്നുമാസത്തിനുള്ളിൽ മനോഹരമായ ഒരു ഗുരുക്ഷേത്രം കോളേജിന് മുന്നിൽ നിർമ്മിച്ചു.

യതിപൂജയോടനുബന്ധിച്ച് 20,000 പേർക്ക് ഭക്ഷണം തയ്യാറാക്കിയത് കോളേജിൽ വച്ചായിരുന്നു. എല്ലാം അവിസ്മരണീയ സന്ദർഭങ്ങൾ.

(ലേഖകന്റെ മൊബൈൽ: 9447018995)