മലയിൻകീഴ്: മഴക്കാലമായിട്ടും ഗ്രാമീണ മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമെന്ന് പരാതി. ന്യൂനമർദ്ദവും കനത്ത മഴയും കാരണം ഡാമുകൾ തുറന്നു വിടുന്ന അവസ്ഥയായിട്ടും വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ, മലയിൻകീഴ് പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ളം മുട്ടുന്നത് പതിവാകുകയാണ്. വാട്ടർ അതോറിട്ടിയുടെ പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പലയിടത്തും പൈപ്പ് വെള്ളം ലഭ്യമായിട്ട് ദിവസങ്ങൾ പിന്നിട്ടു. പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകാറുണ്ടെങ്കിലും ആവശ്യക്കാർക്ക് നൽകാൻ വാട്ടർ അതോറിട്ടി തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പ്രധാന പരാതി. ജീവനക്കാരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ആക്ഷേപവും ഉയർന്നിട്ടുണ്ട്. പലപ്പോഴും പൈപ്പ് വെള്ളം ലഭ്യമാകുമ്പോൾ മലിനമായിരിക്കുമെന്നാണ് ആരോപണം. പോങ്ങുംമൂട്, കണ്ടല, തൂങ്ങാംപാറ, മാവുവിള, ഊരുട്ടമ്പലം, മൂലക്കോണം, പ്ലാവിള എന്നീ മാറനല്ലൂർ പഞ്ചായത്ത് പ്രദേശത്തും മലയിൻകീഴ്, പാലോട്ടുവിള, കരിപ്പൂര്, തച്ചോട്ടുകാവ്, അന്തിയൂർക്കോണം, മേപ്പൂക്കട, ശാന്തുമൂല, ആൽത്തറ എന്നീ മലയിൻകീഴ് പഞ്ചായത്ത് പ്രദേശത്തും അരുവിക്കര നിന്നാണ് വെള്ളമെത്തേണ്ടത്. എന്നാൽ അരുവിക്കര പമ്പിംഗ് സ്റ്റേഷനിലെ യന്ത്രങ്ങൾക്ക് എപ്പോഴും തകരാറിലായിരിക്കും. കാളിപ്പാറ പദ്ധതിയിൽ നിന്ന് അടുത്തിടെയായി ഈ പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടിത്തുടങ്ങിയപ്പോൾ മുടക്കമില്ലായിരുന്നു. എന്നാൽ കൂറ്റൻ പൈപ്പുകൾ പൊട്ടുന്നത് ആഴ്ചകളോളം കുടിവെള്ളം മുടങ്ങാൻ കാരണമാകാറുണ്ട്. അടുത്തിടെ മണ്ഡപത്തിൻകടവ് റോഡ് നവീകരണത്തിന്റെ ഭാഗമായി ജെ.സി.ബി ഉപയോഗിച്ച് റോഡിൽ കുഴിയെടുത്തപ്പോൾ കൂറ്റൻ പൈപ്പ് പൊട്ടിയതിനാൽ 15 ദിവസമാണ് കുടിവെള്ളം മുടങ്ങിയത്. മലയം, പൊറ്റയിൽ, ചൂഴാറ്റുകോട്ട,പട്യാരം, കീണ, ഈഴക്കോട്, കോളച്ചിറ എന്നീ വിളവൂർക്കൽ പഞ്ചായത്ത് പ്രദേശങ്ങളിൽ മങ്കാട്ടുകടവിൽ നിന്നാണ് വെള്ളമെത്തേണ്ടത്. വിളപ്പിൽശാല, അരുവിപ്പുറം,ചെറുകോട്, കരിവിലാഞ്ചി, മുളയറ, പേയാട്, പുളിയറക്കോണം, പടവൻകോട് എന്നീ വിളപ്പിൽ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട സ്ഥലങ്ങളിൽ വെള്ളൈക്കടവ് പമ്പ് ഹൗസിൽ നിന്നാണ് കുടിവെള്ളമെത്തേണ്ടത്. എന്നാൽ ജീവനക്കാരുടെ അനാസ്ഥ കാരണം ഇവിടങ്ങളിൽ കൃത്യമായി കുടിവെള്ളമെത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
പാഴാകുന്ന ഉറപ്പുകൾ
കുടിവെള്ളക്ഷാമത്തിനെതിരെ ജനങ്ങൾ പ്രതിഷേധിക്കുമ്പോൾ അധികൃതർ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകാറുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ പഴയപടി വെള്ളം മുടങ്ങും. ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിക്കാൻ പഞ്ചായത്തുകളും തയ്യാറാകുന്നില്ല. കുടിവെള്ളത്തിനായി പാത്രങ്ങൾ നിരത്തി പൊതു ടാപ്പുകൾക്ക് മുന്നിൽ കാത്തിരിക്കുന്നവർ നിരാശരാവുകയാണ് പതിവ്.
കുടിവെള്ള പദ്ധതികൾ ഇവ
കാളിപ്പാറ
വെള്ളൈക്കടവ്
ചൂഴാറ്റുകോട്ട
മാറനല്ലൂർ അരുവിക്കര
യന്ത്രത്തകരാറെന്ന് അധികൃതർ
അനാസ്ഥയെന്ന് നാട്ടുകാർ