ലോകം ഇപ്പോഴും കൊവിഡ് - 19 എന്ന സൂക്ഷ്മാണുവിന്റെ പിടിയിലമർന്ന് ചക്രശ്വാസം വലിക്കുന്നതിനിടെ ഈ മഹാമാരിയെ ചെറുക്കാൻ പര്യാപ്തമായ വാക്സിൻ റഷ്യ പുറത്തിറക്കിയെന്ന വാർത്ത മനുഷ്യരാശിക്കാകമാനം അനല്പമായ സന്തോഷവും പ്രത്യാശയും പകരുന്നതാണ്. വൻകിട രാഷ്ട്രങ്ങളുൾപ്പെടെ ലോകത്ത് പല ഭാഗത്തും കൊവിഡ് വാക്സിനായുള്ള ഗവേഷണവും പരീക്ഷണവും തിരുതകൃതിയായി നടക്കുന്നതിനിടയിലാണ് റഷ്യയുടെ മഹത്തായ ഈ ചുവടുവയ്പ്. ആഗസ്റ്റ് 12-ന് റഷ്യൻ വാക്സിൻ പുറത്തിറങ്ങുമെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 11-നു തന്നെ വാക്സിൻ ഇറങ്ങിയ വിവരം ലോകത്തോടു വെളിപ്പെടുത്തി കൊവിഡിനെതിരായ 'യുദ്ധ"ത്തിലും റഷ്യ ഒരു പടി മുന്നിലെത്തിയെന്നത് നിസ്തർക്കമാണ്.
മോസ്കോയിലെ ഗമാലെയാ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് വാക്സിൻ
വികസിപ്പിച്ചെടുത്തത്. വാണിജ്യാടിസ്ഥാനത്തിലുള്ള വാക്സിൻ ഉത്പാദനം ഉടനെ തുടങ്ങും. ഇന്ത്യയുൾപ്പെടെ ഇരുപതോളം രാജ്യങ്ങൾ വാക്സിൻ ആവശ്യപ്പെട്ട് റഷ്യയെ സമീപിച്ചിട്ടുണ്ടെന്നാണു വിവരം. പ്രതിമാസം പത്തുലക്ഷം ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് റഷ്യ ലക്ഷ്യമിട്ടിരിക്കുന്നത്. വിപണിയിൽ ആദ്യം എത്തുന്നതോടെ അപാരമായ വാണിജ്യ സാദ്ധ്യതകളാണ് റഷ്യയെ കാത്തിരിക്കുന്നത്. എല്ലാവിധ പരീക്ഷണങ്ങളും നടത്തി തീർത്തും അപായരഹിതമെന്ന് ഉറപ്പാക്കിയ ശേഷമാണ് വാക്സിൻ വിപണിയിൽ പ്രവേശിക്കുന്നതെന്ന് പ്രസിഡന്റ് പുടിൻ പ്രഖ്യാപിച്ചിട്ടുണ്ട്. വാക്സിൻ പൂർണ സുരക്ഷിതത്വമാണെന്നു ലോകത്തെ ബോദ്ധ്യപ്പെടുത്താൻ സ്വന്തം പുത്രിമാരിലൊരാളിൽ വാക്സിൻ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയെന്നും അദ്ദേഹം അവകാശപ്പെടുന്നു. കുത്തിവയ്പ് എടുത്തതിനെത്തുടർന്ന് രണ്ടുമൂന്നു ദിവസം നേരിയ പനി അനുഭവപ്പെട്ടതൊഴികെ മറ്റു പാർശ്വഫലങ്ങളൊന്നുമുണ്ടായില്ല. ലോകത്താദ്യമായി റഷ്യ വിക്ഷേപിച്ച ബഹിരാകാശ വാഹനമായ 'സ്‌പുട്‌നിക്കി"ന്റെ ഓർമ്മ പുതുക്കി കൊവിഡ് വാക്സിന് 'സ്പുട്‌നിക്ക് - 5" എന്നാണു പേരു നൽകിയിരിക്കുന്നത്.
കൊവിഡ് വാക്സിൻ ഗവേഷണത്തിൽ ലോകത്തെ വികസിത രാഷ്ട്രങ്ങൾ മാസങ്ങളായി ഓട്ടപ്പന്തയത്തിലായിരുന്നു. മഹാമാരി ആദ്യം കൂടു തുറന്ന് പുറത്തുവന്ന ചൈനയിലും പരീക്ഷണം നടക്കുകയാണ്. ചൈന ഇതിനകം ലക്ഷ്യം നേടിയെന്ന് ഇടയ്ക്കു അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇനിയും സ്ഥിരീകരണം ലഭിച്ചിട്ടില്ല. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും വാക്സിൻ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഈ വർഷാവസാനത്തോടെ ഏറ്റവും ഫലപ്രദമായ വാക്സിനുമായി വിപണി പിടിച്ചടക്കാനുള്ള മത്സര ഓട്ടത്തിലാണ് ഈ രാജ്യങ്ങൾ. ഇന്ത്യയിലും നാലിടങ്ങളിലായി വാക്സിൻ ഗവേഷണ - പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. എയിംസിന്റെ ആഭിമുഖ്യത്തിൽ ക്ളിനിക്കൽ പരീക്ഷണം രണ്ടു ഘട്ടങ്ങൾ പൂർത്തിയായിട്ടുണ്ട്.
വാക്സിൻ ഗവേഷണത്തിൽ അനാവശ്യ തിടുക്കമോ മത്സരബുദ്ധിയോ കാണിക്കരുതെന്ന് ലോകാരോഗ്യ സംഘടന ലോകരാജ്യങ്ങളെ പലതവണ ഉപദേശിച്ചിരുന്നു. മെഡിക്കൽ എത്തിക്സ് പൂർണമായും പാലിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. മരുന്നു പരീക്ഷണത്തിൽ കണിശമായും പാലിക്കേണ്ട ചിട്ടവട്ടങ്ങളിൽ ഒരുവിധ വീഴ്ചയും പാടില്ലെന്നത് അംഗീകൃത പ്രമാണമാണ്. മറ്റു രാജ്യങ്ങളെ വെല്ലാൻ റഷ്യ ഇറക്കിയ വാക്സിന്റെ കാര്യത്തിൽ അംഗീകൃത കീഴ്‌വഴക്കങ്ങൾ പൂർണമായും പാലിച്ചിട്ടില്ലെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു. ക്ളിനിക്കൽ പരീക്ഷണത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങൾ മാത്രമേ പൂർത്തിയാക്കിയുള്ളൂ എന്നാണ് പ്രധാന ആക്ഷേപം. അവസാനത്തെ ഘട്ടത്തിനു നിൽക്കാതെയാണ് ധൃതിപിടിച്ച് വാക്സിനുമായി പ്രസിഡന്റ് പുടിൻ ഔദ്യോഗികകമായി പ്രഖ്യാപനം നടത്തിയതെന്നാണ് ആക്ഷേപം. മാസങ്ങൾ വേണ്ടിവരുന്നതാണ് ഇതുപോലുള്ള വാക്സിൻ പരീക്ഷണം. ഒാരോ ഘട്ടത്തിലെയും ഫലനിർണയത്തിന് ആഴ്ചകൾതന്നെ ആവശ്യമാണ്. റഷ്യ ഇൗ നിബന്ധനകൾ പൂർണമായും പാലിച്ചോ എന്നതിൽ ലോക മെഡിക്കൽ സമൂഹം സംശയം പ്രകടിപ്പിക്കുന്നുണ്ട്. വാക്സിൻ പ്രയോഗം മനുഷ്യരിലാണെന്നതിനാൽ അണുവിട തെറ്റാതെ വേണം പരീക്ഷണത്തിന്റെ ഒാരോ ഘട്ടവും പൂർത്തിയാക്കാൻ. കൊവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ലോകാരോഗ്യ സംഘടന അനുമതി നൽകിയിട്ട് രണ്ടുമാസമേ ആയുള്ളൂ. ഇതിനകം എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കിയശേഷമാണ് റഷ്യ വാക്സിനുമായി എത്തുന്നതെന്ന പ്രസിഡന്റ് പുടിന്റെ അവകാശവാദത്തിന് നേരെ പുരികം ഉയർത്തുന്ന വൈദ്യശാസ്ത്ര വിദഗ്ദ്ധന്മാർ ഏറെയാണ്.
റഷ്യൻ വാക്സിനെ സംശയത്തോടെ വീക്ഷിക്കുന്നവർ ഉണ്ടാകാമെങ്കിലും അതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം ഒക്ടോബറിൽ തുടങ്ങാനിരിക്കുകയാണ്. എബോള ഉൾപ്പെടെയുള്ള പല മാരകവ്യാധികൾക്കും ഫലപ്രദമായ വാക്സിനുകൾ വികസിപ്പിച്ചെടുത്ത തങ്ങൾക്ക് കൊവിഡ് വാക്സിൻ കണ്ടെത്താനും അത്ര പ്രയാസപ്പെടേണ്ടിവന്നില്ലെന്നാണ് റഷ്യയുടെ അവകാശവാദം. വിവിധ രാജ്യങ്ങളിൽനിന്നായി നൂറുകോടി ഡോസ് വാക്സിനുള്ള ഒാർഡർ ഇതിനകം ലഭിച്ചതുതന്നെ വിശ്വാസ്യതയ്ക്കുള്ള തെളിവായി അവർ ചൂണ്ടിക്കാട്ടുന്നുമുണ്ട്. റഷ്യയ്ക്കൊപ്പം ബ്രസീലിലും ഇതേ വാക്സിൻ ഉത്പാദിപ്പിക്കാനും പദ്ധതിയുണ്ട്. ഇതേസമയം സ്പുട്‌നിക്-5 ന്റെ ക്ളിനിക്കൽ പരീക്ഷണങ്ങൾ യു.എ.ഇയിലും ഫിലിപ്പൈൻസിലും ഉടനെ തുടങ്ങാനിരിക്കുകയാണ്. പരീക്ഷണം തീരുംമുമ്പേ മോസ്കോയിൽ വാക്സിൻ പുറത്തിറക്കിയതിനെച്ചൊല്ലിയും വിവാദങ്ങൾ ഉയരുന്നുണ്ട്. വിവിധ പ്രായക്കാരിലും നിലവിൽ വേറെയും പല പല രോഗങ്ങളുള്ളവരിലും വാക്സിൻ എത്രമാത്രം ഫലപ്രദമാകുമെന്ന് ദീർഘമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ മാത്രമേ തിട്ടപ്പെടുത്താനാവൂ എന്നതുകൊണ്ടാണ് റഷ്യൻ വാക്സിനിൽ ഗവേഷകർ സംശയം പ്രകടിപ്പിക്കുന്നത്. എന്നാൽ ഒരുവിധ സന്ദേഹവും വേണ്ടെന്നും വാക്സിന്റെ പ്രതിരോധശേഷി അത്യുത്തമമാണെന്നുമാണ് പ്രസിഡന്റ് പുടിൻ സാക്ഷ്യപ്പെടുത്തുന്നത്. ഏതായാലും 'സ്പുട്‌നിക് -5" ലോകത്തിന് പകരുന്ന ആശ്വാസവും സമാധാനവും വാക്കുകൾക്കതീതം തന്നെയാണ്.
ലോകമൊട്ടാകെ രണ്ടുകോടിയിൽപ്പരംപേർ ഇപ്പോഴും കൊവിഡ് പിടിപെട്ട് ചികിത്സയിലാണ്. ഏഴരലക്ഷത്തോളംപേർ ഇതിനകം മരിച്ചുകഴിഞ്ഞു. കൊവിഡിനെ പാടേ പടിക്ക് പുറത്താക്കിയയെന്ന നേട്ടം ഉദ്ഘോഷിച്ച ന്യൂസിലൻഡിൽപോലും വീണ്ടും കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ആദ്യനാളുകളിൽ മെച്ചപ്പെട്ട നിലയിൽ നിന്നിരുന്ന ഇന്ത്യയിൽ പ്രതിദിനം അരലക്ഷത്തിലേറെ എന്ന കണക്കിനാണ് രോഗികൾ വർദ്ധിക്കുന്നത്.സമ്പദ് രംഗം ഒന്നാകെ തകർത്തുകൊണ്ടാണ് കൊവിഡിന്റെ മുന്നേറ്റം.
വാക്സിൻ ലഭ്യമാകുന്നതോടെ ഇപ്പോഴത്തെ സ്ഥിതി ഗണ്യമായി മാറുമെന്നുതന്നെ കരുതാം. വാക്സിൻ പ്രയോഗത്തിനു മുൻഗണനാക്രമം നിശ്ചയിക്കേണ്ടിവരും. റഷ്യ ഇക്കാര്യത്തിൽ മുൻഗണന നൽകുന്നത് ഡോക്ടർമാർ ആരോഗ്യപ്രവർത്തകർ, അദ്ധ്യാപകർ തുടങ്ങിയ വിഭാഗക്കാർക്കാണ്. ഇന്ത്യയിലും ഇപ്പോഴേ മുൻഗണനാക്രമം നിർണയിക്കാവുന്നതാണ്. 135 കോടി ജനങ്ങളുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം കുത്തിവയ്പ് വളരെ വലിയൊരു യജ്ഞം തന്നെയാകും. അദ്ധ്യയനം മുടങ്ങിയ വിദ്യാർത്ഥി സമൂഹവും കൊവിഡ് വാക്സിനായി കാത്തിരിക്കുകയാണ്.