ചിറയിൻകീഴ്: ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ മരുക്കുംപുഴ - അഴൂർ ഭാഗങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് കഠിനംകുളം കായലിന് കുറുകെ പാലവും അനുബന്ധ റോഡും നിർമിക്കുന്നതിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് 590 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള സർവേ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു. സ്ഥലം എം.എൽ.എ കൂടിയായ സ്പീക്കറുടെ ശ്രമഫലമായാണ് പദ്ധതി നിർവഹണം ഇതുവരെ എത്തിയത്.

500 മീറ്റർ നീളത്തിൽ പാലവും 1200 മീറ്റർ നീളത്തിൽ അനുബന്ധ റോഡുമാണ് നിർമിക്കുന്നത്. ഇതിനായി മംഗലപുരം അഴൂർ ഗ്രാമപഞ്ചായത്തുകളിലെ വെയിലൂർ, അഴൂർ വില്ലേജുകളിൽ നിന്നായി ഏകദേശം 277 സെന്റ് ഭൂമി ഏറ്റെടുക്കേണ്ടതായുണ്ട്. 2019-20 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ 20 ശതമാനം തുകയായ 100 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതോടെ ഇവിടത്തുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കാൻ പോകുന്നത്. നിലവിൽ ഇവിടെ ഇരുപ്രദേശങ്ങളിലേക്കും പോകാൻ വള്ളത്തെയാണ് ആശ്രയിക്കുന്നത്.

പെരുങ്ങുഴി ആറാട്ട് കടവ് റോഡിൽ നിന്ന് ശാഖാ റോഡായി തിരിഞ്ഞാണ് ഈ റോഡ് ആരംഭിക്കുന്നത്. നിലവിൽ ഇടഞ്ഞുംമൂല വരെ ഈ റോഡ് ഉണ്ട്. റോ‌ഡും പാലവും യാഥാർത്ഥ്യമായാൽ ഒറ്റപ്പെട്ട പ്രദേശങ്ങളായ കുഴിയം, ഇടഞ്ഞുംമൂല, മുരുക്കുംപുഴ കടവിന് സമീപം തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് റെയിൽവേ ലൈൻ ക്രോസ് ചെയ്യാതെ തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേരാൻ സാധിക്കും. പെരുങ്ങുഴി റെയിൽവേ ഗേറ്റ് പണികളുടെ ഭാഗമായി പലപ്പോഴും നാലും അഞ്ചും ദിവസം തുടർച്ചയായി അടച്ചിടാറുണ്ട്. ഈ അവസരങ്ങളിൽ അഴൂർ ഗ്രാമപഞ്ചായത്തിലെ പ്ലാവിന്റെമൂട്, കുഴിയം, പെരുങ്ങുഴി കടവ്, മടയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് വാഹന യാത്ര പൂർണമായും മുടങ്ങുകയാണ്. ഈ പദ്ധതി പ്രാവർത്തികമാകുന്നതോടെ ഇതിനെല്ലാം പരിഹാരം കാണാൻ സാധിക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.