secreatariate

തിരുവനന്തപുരം: ധനകാര്യബിൽ പാസാക്കുന്നതിനായി നേരത്തേ നിശ്ചയിച്ചതും പിന്നീട് മാറ്റിവച്ചതുമായ നിയമസഭാ സമ്മേളനം 24ന് ചേരാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

എം.പി. വീരേന്ദ്രകുമാറിന്റെ ഒഴിവിലേക്കുള്ള രാജ്യസഭാ സീറ്രിൽ 24ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എം.എൽ.എമാരെല്ലാം തലസ്ഥാനത്തുണ്ടാകുമെന്നത് കണക്കിലെടുത്താണ് അന്ന് സമ്മേളനം നിശ്ചയിച്ചത്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടിംഗ്.

ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കി ധനകാര്യബിൽ പാസാക്കുകയെന്ന ഒറ്റ അജൻഡയിലേക്ക് സമ്മേളനം ചുരുക്കാനാണ് ആലോചന. എന്നാൽ, സ്വർണക്കടത്ത് വിവാദത്തിൽ സർക്കാരിനെതിരെ അവിശ്വാസപ്രമേയവും സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയവും വീണ്ടും കൊണ്ടുവരാൻ പ്രതിപക്ഷം നീക്കമാരംഭിച്ച സ്ഥിതിക്ക് കാര്യങ്ങൾ സങ്കീർണമാകും.

കഴിഞ്ഞ മാസം 27ന് നിശ്ചയിച്ച സഭാസമ്മേളനം കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഉപേക്ഷിച്ചതോടെ പ്രതിപക്ഷം നൽകിയ പ്രമേയ നോട്ടീസുകളും റദ്ദായിരുന്നു. പുതിയ നോട്ടീസുകൾ ഗവർണറുടെ വിജ്ഞാപനമിറങ്ങുന്ന മുറയ്ക്ക് നൽകാനാണ് തീരുമാനം. സമ്മേളനം നിശ്ചയിച്ച് വിജ്ഞാപനമിറങ്ങിയ ദിവസം മുതൽ സമ്മേളന ദിവസം വരെ 14 ദിവസത്തെ സാവകാശമുണ്ടെങ്കിലേ സ്പീക്കർക്കെതിരായ പ്രമേയ നോട്ടീസിന് സാധുത കിട്ടൂ. അത് കിട്ടില്ലെന്നതിനാൽ നോട്ടീസ് അസാധുവാകുമെങ്കിലും അവിശ്വാസപ്രമേയം നിലനിൽക്കും.

അതേസമയം, കൊവിഡ് വ്യാപനത്തോത് തലസ്ഥാന ജില്ലയിലും നഗരത്തിലും കൂടി വരികയാണിപ്പോഴും. നിയമസഭയിലെ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സഭാസമ്മേളനം ചേരുന്നത് വെല്ലുവിളി നിറഞ്ഞതാകും. കൊവിഡ് സുരക്ഷാ സംവിധാനം പരമാവധി സജ്ജമാക്കിയും സാമൂഹ്യ അകലം പാലിച്ച് അംഗങ്ങളുടെ സീറ്റുകൾ ക്രമീകരിച്ചും വിപുലമായ തയ്യാറെടുപ്പാണ് സഭയിൽ നടത്തുന്നത്.

സഭ ചേർന്നാൽ ഭരണഘടനാ

പ്രതിസന്ധിയും ഒഴിവാകും

ധനകാര്യബിൽ സഭയിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ സാമ്പത്തിക വർഷാരംഭം തൊട്ട് 120 ദിവസം വരെയാണ് കാലാവധി. അതിനകത്ത് പാസാക്കിയില്ലെങ്കിൽ ബിൽ അസാധുവാകും. സംസ്ഥാനത്തിന്റെ ധനവിനിയോഗം പ്രതിസന്ധിയിലുമാവും. പ്രത്യേക സാഹചര്യത്തിൽ കാലാവധി 180 ദിവസം വരെ നീട്ടാൻ നിയമഭേദഗതി കൊണ്ടുവരാമെന്ന പഴുതുപയോഗിച്ചാണ് അത്രയും ദിവസം നീട്ടിക്കൊണ്ട് മന്ത്രിസഭ ഓർഡിനൻസ് കൊണ്ടുവന്നത്. എങ്കിലും ആറ് മാസത്തിലൊരിക്കൽ സഭാസമ്മേളനം ചേരണമെന്ന വ്യവസ്ഥയുള്ളതിനാൽ സെപ്തംബർ 13ന് മുമ്പ് സഭ ചേർന്നേ മതിയാകൂ. ഇല്ലെങ്കിൽ 14ാം കേരള നിയമസഭ തന്നെ അസാധുവാകും. 24ന് ചേരുന്നതോടെ ഈ ഭരണഘടനാ പ്രതിസന്ധി മറികടക്കാനുമാകും.