തിരുവനന്തപുരം: കൊവിഡിനായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് (എസ്.ഡി.ആർ.എസ്)പണം ചെലവഴിക്കുന്നതിലുള്ള മാനദണ്ഡത്തിൽ മാറ്രം വരുത്തണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി ആവശ്യപ്പെടുമ്പോൾ നിധിയിലുള്ളത് 587.96 കോടി രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 468.45 കോടി രൂപയാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകിയത്. എസ്. ഡി.ആർ.എഫിൽ നിന്ന് 163.55 കോടിയും ചെലവഴിച്ചു. കൊവിഡിനായിള്ള മറ്രു ചെലവുകളൊക്കെ തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് നടത്തിയത്. കമ്യൂണിറ്രി കിച്ചൺ തുടങ്ങാനും ഫസ്റ്ര് ലെയിൻ കൊവിഡ് ട്രീറ്റ്മെന്റ് സെന്റർ തുടങ്ങാനും അവരുടെ പ്ലാൻ ഫണ്ടിൽ നിന്നാണ് ചെലവഴിക്കുന്നത്.
2018ലെ പ്രളയത്തിൽപ്പെട്ട 3,91,494 പേർക്കും 2019ലെ പ്രളയത്തിൽപ്പെട്ട 1,37,101 പേർക്കും സംസ്ഥാന സർക്കാർ പതിനായിരം രൂപ വീതം നൽകി. 2018ലെ പ്രളയം കഴിഞ്ഞപ്പോൾ സംസ്ഥാനത്തെ എസ്. ഡി. ആർ.എഫ് ഫണ്ടിൽ 2107. 46 കോടി മിച്ചം കിടപ്പുണ്ടായിരുന്നു. കേന്ദ്ര വിഹിതമുൾപ്പെടെ 225 കോടി ലഭിച്ചപ്പോൾ പലിശയും കൂട്ടി എസ്.ഡി.ആർ.എഫിൽ 2356.72 കോടി മിച്ചമുണ്ടായി. 2019ലെ ദുരിത ബാധിതർക്കായി സംസ്ഥാനം ചെലവിട്ടത് 1814.71 കോടി രൂപയാണ്. ബാക്കി ഫണ്ടിലുണ്ടായിരുന്നത് 542 കോടി. 2018ലെ പ്രളയത്തിൽ കേന്ദ്രം 3000 കോടിയാണ് സംസ്ഥാനത്തിന് നൽകിയത്. ഇതിൽ പകുതി തുകയുടെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റുകൾ നൽകിയില്ലെന്നു പറഞ്ഞ് ഇടയ്ക്ക് കേന്ദ്രം തുടർസഹായം നൽകാതിരുന്നു.
ഈ വർഷം ആദ്യം എസ്.ഡി.ആർ.എഫിലേക്ക് കേന്ദ്രം നൽകിയത് 157 കോടി രൂപയാണ് . സംസ്ഥാന വിഹിതമായി 52.5 കോടി ഉൾപ്പെടെ 751 കോടി രൂപയാണ് ഇതോടെ നിധിയിലുണ്ടായിരുന്നത്. ഈ വർഷം ചെലവഴിച്ച 163.55 കോടി കഴിച്ചാൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ 587.96 കോടി രൂപ ഭദ്രമായി കിടപ്പുണ്ട്. റവന്യൂ കമ്മി നികത്താൻ തന്ന 1276 കോടി രൂപയും കൊവിഡ് പ്രതിരോധത്തിന് ഉപേയാഗിക്കാം എന്ന് കേന്ദ്രം പറഞ്ഞിരുന്നു.