മുടപുരം: നാടകനടൻ ശ്രീകണ്ഠൻ വർണശ്രീ ഇപ്പോൾ വരകളുടെ ലോകത്ത് തിരക്കിലാണ്. ലോക്ക് ഡൗണിൽ നാടകങ്ങൾ അവതരിപ്പിക്കാൻ കഴിയാതെ വന്നപ്പോഴാണ് വരയിൽ വീണ്ടും സജീവമായത്. കിഴുവിലം പുരവൂർ സ്വദേശിയായ ശ്രീകണ്ഠൻ സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ചിത്രകലയിൽ ഡിപ്ലോമ നേടി ചിത്രരചനാ രംഗത്തേക്ക് കടന്നെങ്കിലും അഭിനയത്തോടുള്ള താത്പര്യം ശ്രീകണ്ഠനെ നാടകരംഗത്തെത്തിച്ചു. തിരുവനന്തപുരം സംഘശക്തിക്കുവേണ്ടി പിരപ്പൻകോട് മുരളി രചിച്ച് പി.കെ. വേണുക്കുട്ടൻനായർ സംവിധാനം ചെയ്‌ത ' മാറ്റുവിൻ ചട്ടങ്ങളെ ' എന്ന നാടകത്തിലൂടെയാണ് ആദ്യമായി അരങ്ങിലെത്തിയത്. തുടർന്ന് സംഘചേതന, സങ്കീർത്തന, അതുല്യ, പത്മശ്രീ തുടങ്ങിയ സമിതികളിൽ മികച്ച വേഷങ്ങൾ ചെയ്‌തു. സംഘചേതനയുടെ പ്രശസ്‌ത നാടകമായ സ്വാതിതിരുനാളിൽ ചലച്ചിത്രനടന്മാരായ സായികുമാർ, റിസബാവ എന്നിവർക്കൊപ്പം അഭിനയിച്ചു. ഇവർ സിനിമാരംഗംത്ത് തിരക്കിലായപ്പോൾ 80ഓളം വേദികളിൽ സ്വാതിതിരുനാളിന്റെ വേഷമിട്ടു. നടനായപ്പോഴും നാടക, നൃത്തനാടക സംഘങ്ങളുടെ രംഗപടം വരച്ചു. ലോക്ക് ഡൗൺ വന്നതോടെയാണ് നിറുത്തിവച്ചിരുന്ന പെൻസിൽ ഡ്രോയിംഗും വാട്ടർകളർ ചിത്രരചനയും വീണ്ടും തുടങ്ങിയത്. അടുത്ത സുഹൃത്തും നാടകനടനുമായ ചിറയിൻകീഴ് താഹയുടെ പ്രോത്സാഹനമാണ് വീണ്ടും വരയ്‌ക്കാൻ ആവേശം നൽകിയത്. അമേരിക്കയിൽ പൊലീസുകാർ ചവിട്ടിക്കൊന്ന കറുത്ത വർഗക്കാരന്റെ കണ്ണുനീർ നദിയായി മാറുന്നതും അതിൽ നിന്നും യുവാക്കൾ പ്രതിഷേധപ്പൂക്കളായി ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുന്ന ചിത്രം ഏറെ ശ്രദ്ധനേടി. യുഗപുരുഷനായ ശ്രീനാരായണ ഗുരുദേവൻ, ദേവസഹായംപിള്ള, രാജാരവിവർമ്മ, എ.കെ.ജി, സത്യൻ, നസീർ തുടങ്ങി നിരവധി പേരുടെ ചിത്രങ്ങളും ലോക്ക് ഡൗൺ കാലത്ത് വരച്ചു. കൊവിഡ് ഭീതിയിലെ ഒരു നഗരജീവിതചിത്രം വരയ്ക്കുന്ന തിരക്കിലാണ് ശ്രീകണ്ഠൻ വർണശ്രീ.