കിളിമാനൂർ: കൊവിഡ് കാലത്ത് ജനങ്ങൾ ആശുപത്രിയിൽ എത്താൻ മടിക്കുമ്പോൾ ജനങ്ങളുടെ അടുത്തെത്തി ചികിത്സ നൽകി പൊതുജനാരോഗ്യ സേവന രംഗത്ത് മാതൃകയായി പുളിമാത്ത് ഗവ. ആയൂർവേദ ആശുപത്രി. കർക്കടക മാസത്തിലാണ് ജനങ്ങൾ സാധാരണ ആയുർവേദ രംഗത്തെ ആശ്രയിക്കുന്നത്. എന്നാൽ ഇത്തവണ കൊവിഡ് പ്രതിസന്ധി കാരണം എല്ലാ മേഖലയിലും എന്ന പോലെ ആയുർവേദ രംഗവും പ്രതിസന്ധിയിലായി. തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാലിയേറ്റീവ് രോഗികളുടെയും മറ്റു രോഗികൾക്കും ചികിത്സയും മരുന്നും എത്തിച്ച് മാതൃകയാവുകയാണ് പുളിമാത്ത് ആയൂർവേദ ആശുപത്രി.
കൊവിഡിന് മുൻപ് തന്നെ നിരവധി പ്രവർത്തനങ്ങളിലൂടെ മാതൃകയായിരുന്നു ഈ ആശുപത്രി. ഒരു കുടക്കീഴിൽ ആയുർവേദത്തിലെ എല്ലാ ചികിത്സയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ചികിത്സാ രീതികളാണ് ഇവിടെ നടപ്പിലാക്കുന്നത്. കിളിമാനൂർ ബ്ലോക്കിന് കീഴിലെ പുളിമാത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ ആശുപത്രിയിൽ നേത്ര രോഗ വിഭാഗവും, അസ്ഥി രോഗവിഭാഗവും തുടങ്ങിയതോടെ എല്ലാ ചികിത്സയും ലഭ്യമാക്കുന്ന ജില്ലയിലെ തന്നെ ആദ്യ ആയുർവേദ ആശുപത്രിയായി മാറിയിരിക്കുകയാണ് പുളിമാത്ത് ഗവ. ആയുർവേദ ആശുപത്രി. ഇതോടൊപ്പം പുളിമാത്ത് പഞ്ചായത്ത് ജനങ്ങൾക്ക് എല്ലാവിധ ചികിത്സയും ലഭ്യമാക്കുന്ന ഗ്രാമ പഞ്ചായത്തായി മാറുകയുമാണ്.
ബി. സത്യൻ എം.എൽ.എയുടെയും പുളിമാത്ത് പഞ്ചായത്തിന്റെയും ശ്രമഫലമായി കഴിഞ്ഞ നാല് വർഷക്കാലമായി നിരവധി വികസന പദ്ധതികളും വിവിധ തരത്തിലുള്ള ചികിത്സാ പദ്ധതികളുമാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്. പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെ കിടത്തി ചികിത്സ ഉൾപ്പെടെയുള്ളവയ്ക്ക് സൗകര്യവുമായി. എല്ലാവിധ ചികിത്സാരീതികളും വന്നതോടെ ഇവിടത്തെ ജനങ്ങളും സന്തോഷത്തിലാണ്.