തിരുവനന്തപുരം: കാലവർഷത്തിന്റെ ശക്തികുറഞ്ഞതോടെ വരും ദിവസങ്ങൾ സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ സാദ്ധ്യതയില്ല. കാലാവസ്ഥ വിദഗ്ധരുടെ അവലോകനമനുസരിച്ച് ഈ മാസം അവസാനത്തോടെയേ മഴ കുറച്ചെങ്കിലും ശക്തി പ്രാപിക്കൂവെന്നാണ് റിപ്പോർട്ട്. ഇന്നലെ മദ്ധ്യ,വടക്കൻ കേരളത്തിലെ ചിലയിടങ്ങളിൽ മാത്രം ഒറ്റപ്പെട്ട മഴ ലഭിച്ചു. നാളെ മുതൽ കൂടുതൽ ജില്ലകളിൽ മഴ കുറയും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ കിഴക്കൻ മേഖല, പാലക്കാട് എന്നിവിടങ്ങളിൽ ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. എടെയും അതിശക്തമായതോ തീവ്രമഴയ്ക്കോ സാഹചര്യമില്ല.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷയിലെ ബാലസോറിനു സമീപം പുതിയ ന്യൂനമർദം ഇന്ന് രൂപപ്പെടുമെങ്കിലും ഇത് കേരളത്തെ ബാധിക്കില്ലെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നത്. തെക്കൻ ജില്ലകളിൽ തീരെ മഴയില്ലാത്ത് സാഹചര്യവുമാണ് നിലവിലുള്ളത്.