നെയ്യാറ്റിൻകര: കൊവിഡ് വ്യാപനം ആശങ്കയിൽ നിൽക്കുന്ന സാഹചര്യത്തിൽ, ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പൊതുപരിപാടികൾ നിയന്ത്രിച്ചിട്ടുള്ളപ്പോൾ ഇടതുപക്ഷ സംഘടനയുടെ നേതൃത്വത്തിൽ ഇരുന്നൂറോളം പേരെ പങ്കെടുപ്പിച്ച് പൊതുപരിപാടി നടത്തിയതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി നിനോ അലക്സ് ആവശ്യപ്പെട്ടു.

നെയ്യാറ്റിൻകരയിലെ വ്യാപാര സ്ഥാപനങ്ങൾക്കും രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമായി പ്രവർത്തന സമയവും നിശ്ചയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഉത്തരവുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇരുന്നൂറോളം പ്രവർത്തകരെ അണിനിരത്തി പരിപാടി സംഘടിപ്പിച്ചത്. എന്നാൽ പൊലീസ് കേസുപോലും എടുത്തിട്ടില്ലെന്ന് ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.