കല്ലമ്പലം: മണമ്പൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 9 കണ്ണങ്കര, വാർഡ് 12 പൂവത്തുമൂല എന്നീ വാർഡുകളെ ജില്ലാ കലക്ടർ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി പൂവത്തുമൂല വാർഡിൽ മണനാക്കിൽ 5 മാസം പ്രായമുള്ള കുട്ടിയടക്കം ഒട്ടേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു സ്ത്രീക്കും മകൾക്കുമാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. അവരുടെ സമ്പർക്കത്തിലൂടെയാണ് കുഞ്ഞിനും ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങൾക്കും കൊവിഡ് ബാധിച്ചത്. ഇവരുടെയെല്ലാം തന്നെ സമ്പർക്കപ്പട്ടിക വളരെ വിപുലമാണ്. ഇതിൽ ജൂലായ് മാസം അവസാനത്തോടെ വിവാഹം നടന്ന ഒരു പെൺകുട്ടിയുമുണ്ടായിരുന്നു. വരന്റെ സ്ഥലം വാർഡ് 9 കണ്ണങ്കരയിൽ പാലാംകോണം ഭാസ്ക്കർ കോളനിക്ക് സമീപമാണ്. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിലും ഒട്ടേറെ വിരുന്നു സത്കാരങ്ങളിലും ഇവർ പങ്കെടുത്തിരുന്നു. അതു കൊണ്ട് തന്നെ രണ്ട് വാർഡിലുമുള്ള ഇവരുടെ സമ്പർക്കപ്പട്ടിക നീളുന്നു. ആയതിനാലാണ് പൂവത്തുമൂല, കണ്ണങ്കര വാർഡുകളെ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യാതൊരു ഇളവുകളും ഉണ്ടായിരിക്കുന്നതല്ല. മണമ്പൂർ പഞ്ചായത്തും , മണമ്പൂർ സി.എച്ച്.സിയും നേതൃത്വം കൊടുത്തുകൊണ്ട് നാളെ മണനാക്ക് ആർ.എം എൽ.പി.എസിൽ വച്ച് അൻപതോളം പേരുടെ സ്രവ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. അതീവ ജാഗ്രതയോടെ മുന്നോട്ട് പോകേണ്ട സമയമാണ് അതിനാൽ എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഡ്വ. ബി. സത്യൻ എം.എൽ.എ അറിയിച്ചു.