venjaramoodu

വെഞ്ഞാറമൂട്: വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ 12 വർഷമായി ജോലിചെയ്യുന്ന വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാൽ മണിമന്ദിരത്തിൽ കൃഷ്ണകുമാരി എന്ന ആശാവർക്കറെ അറിയാത്തവരായി വെഞ്ഞാറമൂട്ടിൽ ആരുമില്ല. നെല്ലനാട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് ഉൾപ്പെടുന്ന വലിയകട്ടക്കാൽ പ്രദേശങ്ങളാണ് കൃഷ്ണകുമാരിയുടെ പ്രവർത്തന മേഖല.

കിലോമീറ്ററുകൾ മഴയിലും വെയലിലും കാൽനടയായി ഓരോ വീട്ടിലും സാന്ത്വനമേകുന്ന വാക്കുകളും കാരുണ്യത്തിന്റെ കരസ്പർശവുമായി കൃഷ്ണകുമാരി എത്തുന്നു. കിടപ്പിലായവരുടെ വേദനയും ദുഃഖവും കണ്ട് മനസിലാക്കിയ കൃഷ്ണകുമാരിക്ക് അവരെ ശുചിയാക്കാനും മരുന്നുകൾ നൽകാനുമൊക്കെ കഴിയുന്നത് പുണ്യമായി കരുതുന്നു.

മേഖലയിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ കാര്യങ്ങളിൽ സഹായിക്കാൻ കൃഷ്ണകുമാരിയോട് ഒപ്പം നിൽക്കുന്നത് വെഞ്ഞാറമൂട് ഹരി എന്ന അദ്ധ്യാപകനാണ്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം പതിവ് ഭവന സന്ദർശനത്തിനിടയിലാണ് പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന എട്ടുമാസം ഗർഭിണിയായ യുവതിയുടെയും അവരുടെ ഭർത്താവിന്റെയും ദുരവസ്ഥ കൃഷ്ണകുമാരി നേരിട്ടു കാണുന്നത്. സ്നേഹിച്ച് വിവാഹം കഴിച്ചവരായതിനാൽ ഇരു വീട്ടുകാരും ഇവരെ സഹായിക്കാൻ തയ്യാറായിരുന്നില്ല. കൂലിപ്പണിക്കാരനായ യുവാവിന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടുകൂടി ജോലി ഇല്ലാതായി. അന്നന്നത്തെ ആഹാരത്തിനും മരുന്നിനും ബുദ്ധിമുട്ടായിരുന്ന സമയത്താണ് കൃഷ്ണകുമാരി ആ വീട്ടിലെത്തുന്നത്. തുടർന്ന് വാർഡ് മെമ്പറെ വിവരം അറിയിച്ചു. തിരികെ വീട്ടിലെത്തിയ കൃഷ്ണകുമാരി ഭർത്താവിനെയും കൂട്ടി ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ വാങ്ങി വാടകവീട്ടിൽ എത്തിച്ചുനൽകി.

ഒരു ആശാവർക്കറുടെ പ്രവർത്തനങ്ങൾക്കപ്പുറം മികച്ച ഒരു ജീവകാരുണ്യ പ്രവർത്തകയായി (അറിയാതെയാണെങ്കിലും) മാറിക്കഴിഞ്ഞിരിക്കുന്നു ഇവർ. കൂലിപ്പണിക്കാരനായ ഭർത്താവും മക്കളായ അഭിജിത്തും അഭിരാമിയും കൃഷ്ണകുമാരിക്ക് പിൻബലമായി നിൽക്കുന്നു.

വാമനപുരം കുടുംബ ആരോഗ്യ കേന്ദ്രത്തിലുള്ള പാലിയേറ്റിവ് ടീമിലെ സിസ്റ്റർ ജിനി, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്, ജെ.പി.എച്ച്.എൻ ഫസീല ബീഗം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രീയ തുടങ്ങിയവരുടെ സേവനങ്ങളും പ്രോത്സാഹനവും കൃഷ്ണകുമാരിയുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമായി ഒപ്പമുണ്ട്.