kovalam

കോവളം: വീടിന്റെ മതിലും ചുവരും റോഡിലേക്ക് ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ വഴിയാത്രക്കാരനായ ഒരാൾക്ക് പരിക്കേറ്റു. വിഴിഞ്ഞം കരിംപള്ളിക്കര സ്വദേശി സ്റ്റാൻസിലാസിലാണ് (70) പരിക്കേറ്റത്. ഇരുകാലിനും പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9ഓടെ വിഴിഞ്ഞം പുതിയ പാലത്തിന് സമീപം സെബാസ്റ്റ്യൻ എന്നയാളിന്റെ മതിലും വീടിന്റെ ചുവരുമാണ് ഇടിഞ്ഞുവീണത്. റോഡരികിൽ നിൽക്കുകയായിരുന്ന സ്റ്റാൻസിലാസിന്റെ ദേഹത്തേക്ക് കല്ലും മണ്ണും തെറിച്ചുവീണാണ് പരിക്കേറ്റത്. 15 അടിയോളം ഉയരത്തിലുണ്ടായിരുന്ന മതിൽ വീഴുമ്പോൾ വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിഴിഞ്ഞം സി.ഐ പ്രവീൺ,​ എസ്.ഐമാരായ ബാബു എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസും വിഴിഞ്ഞം അഗ്നിശമന സേനായൂണിറ്റ് അംഗങ്ങളും ജെ.സി.ബിയുടെ സഹായത്തോടെ കോൺക്രീറ്റ് ബ്ലോക്കുകൾ മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.