തിരുവനന്തപുരം: നഴ്‌സിംഗ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള പി.എസ്.സി റാങ്ക് ലിസ്റ്റ് നോക്കുകുത്തിയാകുന്നു. ഒന്നര വർഷം മുമ്പുള്ള ലിസ്റ്റിൽ നിന്ന് ഇവരെ എട്ടു പേരെ മാത്രമാണ് നിയമിച്ചത്. ആദ്യ ഘട്ടത്തിലായിരുന്നു ഈ നിയമനങ്ങൾ. ലിസ്റ്റിലുള്ള 130 പേരാണ് നിയമനത്തിനായി കാത്തിരിക്കുന്നത്. പുതിയ നഴ്‌സിംഗ് കോളേജുകൾ ആരംഭിക്കാതെ ഉദ്യോഗാർത്ഥികളെയും വിദ്യാർത്ഥികളെയും സർക്കാർ അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് കോഴ്സ് ആരംഭിച്ച് നാലുവർഷമായെങ്കിലും ഇതുവരെയും നഴ്‌സിംഗ് തുടങ്ങിയിട്ടില്ല. മഞ്ചേരി മെഡിക്കൽ കോളേജിലും ഇതാണവസ്ഥ. ഇതുകാരണം അദ്ധ്യാപകരടക്കമുള്ള തസ്തികയിൽ നിയമനം ലഭിക്കുമെന്ന് പ്രതീക്ഷിച്ച നിരവധി ജീവിതങ്ങളാണ് ഇരുട്ടിലായത്. റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ പാരിപ്പള്ളി, മഞ്ചേരി നഴ്‌സിംഗ് കോളേജുകളിലേത് പ്രതീക്ഷിത ഒഴിവുകളായാണ് കണക്കായിരുന്നത്.
നഴ്‌സിംഗ് കോളേജുകൾ ആരംഭിക്കാത്തത് വിദ്യാർത്ഥികൾക്കും തിരിച്ചടിയായി. കൊവിഡ് പടരുന്നതിനാൽ അന്യസംസ്ഥാനങ്ങളിൽ പോയി പഠിക്കാനും വിദ്യാർത്ഥികൾക്കാകുന്നില്ല. ഓരോ വർഷവും അയ്യായിരത്തിലധികം വിദ്യാർത്ഥികളാണ് കർണാടക, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി നഴ്‌സിംഗ് പഠനത്തിന് പോകുന്നത്. ഗവ. മേഖലയിൽ ആറ് നഴ്സിംഗ് കോളേജുകളാണുള്ളത്. 375 വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇവിടെ പ്രവേശനമുള്ളത്.
നീളുന്ന ശുപാർശ
പാരിപ്പള്ളി, മഞ്ചേരി, മെഡിക്കൽ കോളേജിനോടനുബന്ധിച്ച് നഴ്സിംഗ് കോളേജുകളിൽ ആരംഭിക്കാനുള്ള ശുപാർശ 2019ൽ സർക്കാർ അംഗീകരിച്ചിരുന്നു. തുടർന്ന് ധനകാര്യവകുപ്പിന്റെ അനുമതിക്കായി ഫയൽ സമർപ്പിച്ചിട്ടും നടപടിയുണ്ടായില്ല. ഇ.എസ്.ഐയിൽ നിന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തപ്പോൾ എം.ബി.ബി.എസ് സീറ്റിന്റെ 15 ശതമാനവും ഇ.എസ്.ഐ തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്‌തിരുന്നു. ഇത് നഴ്സിംഗ് കോഴ്സുകൾ തുടങ്ങുമ്പോഴുമുണ്ടാകും. മത്സ്യ-കശുഅണ്ടി തൊഴിലാളികളുടെ മക്കൾക്ക് ഗുണകരമാകുന്ന പദ്ധതിയാണ് നീളുന്നത്.
സർക്കാരിന്റെ നഴ്‌സിംഗ് കോളേജുകൾ
തിരുവനന്തപുരം, കോട്ടയം,കോഴിക്കോട്, തൃശൂർ, ആലപ്പുഴ, എറണാകുളം
ആകെ സർക്കാർ മേഖലയിലെ നഴ്‌സിംഗ് സീറ്റ് -375
കണക്കുകൾ ഇങ്ങനെ
നിയമനം കാത്തിരിക്കുന്നത്- 130 പേർ
ഇതുവരെ നിയമിച്ചത്- എട്ടു പേരെ