rajyasabha-election

തിരുവനന്തപുരം: 24ന് നടക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിന് ഇന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണിന്ന്. നാളെയാണ് സൂക്ഷ്മ പരിശോധന. പിൻവലിക്കാനുള്ള അവസാന തീയതി 17 ആണ്.

എൽ.ഡി.എഫ് സ്ഥാനാർത്ഥി ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാർ രാവിലെ 11.30ന് വരണാധികാരിയായ നിയമസഭാ സെക്രട്ടറി മുമ്പാകെ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് 12നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കർഷക കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് ലാൽ വർഗീസ് കല്പകവാടി പത്രിക നൽകാനെത്തുക.

സ്ഥാനാർത്ഥിക്കൊപ്പം സെക്രട്ടറിയുടെ ചേംബറിലേക്ക് അഞ്ച് പേർ മാത്രമേ പാടുള്ളൂ. ആരോഗ്യവകുപ്പ് അധികൃതർ സഭാമന്ദിരത്തിൽ സുരക്ഷാകാര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ആന്റിജൻ പരിശോധന ആവശ്യമുള്ളവർക്ക് അതിന് ഏർപ്പാടുണ്ടാക്കും.

24ന് രാവിലെ 9 മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. എ.സി സൗകര്യമില്ലാത്ത മൂന്ന് പ്രത്യേക ചേംബറുകളിൽ മൂന്ന് വരിയായിട്ടാകും വോട്ട് ചെയ്യാൻ സൗകര്യം. ക്വാറന്റൈനിലോ കൊവിഡ് ചികിത്സയിലോ കഴിയേണ്ടി വരുന്നവർക്ക് തപാൽവോട്ട് അനുവദിക്കും. ഇതിനായി അണുവിമുക്തമാക്കിയ തപാൽവോട്ട് പ്രത്യേകം സൂക്ഷിക്കും. എം.എൽ.എമാർക്ക് ആർക്കെങ്കിലും കൊവിഡ് ബാധയുണ്ടെന്ന് സംശയം തോന്നിയാൽ പി.പി.ഇ കിറ്റ് ധരിച്ചുവേണം എത്താൻ. തിരഞ്ഞെടുപ്പുദ്യോഗസ്ഥരും കിറ്റ് ധരിക്കണം. ആന്റിജൻ പരിശോധാ സൗകര്യവുമുണ്ടാകും.