61313131

തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനം നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക രീതിയിൽ നവീകരിക്കും. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. മൈതാനത്തെ ഇ.കെ. നായനാർ പാർക്കിൽ റൂഫിംഗ് നടത്തി ഓപ്പൺ എയർ ആഡിറ്റോറിയവും സജ്ജീകരിക്കും. ആധുനിക രീതിയിലുള്ള മേൽക്കൂരയും കൂടുതൽ പേരെ ഉൾക്കൊള്ളാനുള്ള രീതിയിൽ പരമാവധി സ്ഥലം പ്രയോജനപ്പെടുത്തിയുമാണ് നിർമ്മാണം. 15.93 കോടി രൂപ ചെലവ് വരുന്ന പദ്ധതി എത്രയുംവേഗം പൂർത്തിയാക്കുമെന്ന് മേയർ അറിയിച്ചു. നഗരസഭ സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം പൂർത്തിയാക്കുക. ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു, മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. പുഷ്‌പലത, നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, സ്‌മാർട്ട് സിറ്റി സി.ഇ.ഒ പി. ബാലകിരൺ, സ്‌മാർട്ട് സിറ്റി ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്‌ണ, നഗരസഭ സൂപ്രണ്ടിംഗ് എൻജിനിയർ കെ. ഉണ്ണി എന്നിവർ പങ്കെടുത്തു.

പുതിയ ഒരുക്കങ്ങൾ

------------------------------------

മൈതാനത്തിലേക്ക് വിശാലമായ പ്രവേശനം ഒരുക്കുന്നതിനായി വിപുലീകരിച്ച എൻട്രൻസ് ഗേറ്റ് വേ, ഇ.കെ. നായനാർ പാർക്കിന് ചുറ്റുമുള്ള നടപ്പാത, വൈഫൈ ഹോട്സ്‌പോട്ട്, സി.സി ടിവി സംവിധാനം, ജോഗിംഗ് ട്രാക്ക്, ലാൻഡ് സ്‌കേപ്പിംഗ്, എമർജൻസി കാൾ ബോക്‌സ്, പബ്ലിക് ഇൻഫർമേഷൻ ഡിസ്‌പ്ലേ സിസ്റ്റം തുടങ്ങിയവയും മൈതാനത്ത് സജ്ജീകരിക്കും. ഗാലറി, വാട്ടർഫൗണ്ടൻ, ചിൽഡ്രൻസ് പ്ലേ ഗ്രൗണ്ട്, ഫ്ളവർ ഗാർഡൻ തുടങ്ങിയവയും മൈതാനത്ത് ഒരുക്കും.

 പദ്ധതിത്തുക - 15.93 കോടി