കാസർകോട്: പിക്കപ്പ് വാനിൽ കടത്തിയ 175 കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശികളടക്കം മൂന്നുപേർ ബണ്ട്വാളിൽ പൊലീസിന്റെ പിടിയിലായി. മഞ്ചേശ്വരം മിയാപദവ് ചികർപാതയിലെ ഇബ്രാഹിം അർഷാദ്(26), ഹൊസങ്കടിയിലെ മുഹമ്മദ് ഷഫീഖ് (31), ദക്ഷിണ കന്നഡ ബണ്ട്വാൾ കന്യാനയിലെ കലന്തർ ഷാഫി(26) എന്നിവരെയാണ് പുത്തൂർ പൊലീസ് അറസ്റ്റുചെയ്തത്.
കഞ്ചാവ് കടത്താൻ ഉപയോഗിച്ച പിക്കപ്പ് വാനും ഇതിന് സംരക്ഷണമായി വന്ന കാറും കസ്റ്റഡിയിലെടുത്തു.
ബണ്ട്വാൾ കെദില പാട്രകോടിയിൽ പുത്തൂർ റൂറൽ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിക്കപ്പ് വാൻ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അറസ്റ്റിലായവർ പല കേസുകളിലും പ്രതികളാണ്. ഇബ്രാഹിം 9 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കലന്തറിനെതിരെ വിട്ള പൊലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും രണ്ട് കഞ്ചാവ് കടത്ത് കേസുകളും കാവൂർ സ്റ്റേഷിൽ ഒരു കഞ്ചാവ് കടത്തുകേസും നിലനിൽക്കുന്നുണ്ട്.