vvvvv

കോവളം: ക്രൂ ചെയ്‌ഞ്ചിംഗിന്റെ പുത്തൻകേന്ദ്രമായി മാറുന്ന വിഴിഞ്ഞത്ത് പുതിയ ടഗ് ഈ മാസം 31ന് എത്തും. ഇവിടെ ക്രൂചെയ്‌ഞ്ചിംഗ് പുനഃസ്ഥാപിച്ചെങ്കിലും തുറമുഖ വകുപ്പിന് ടഗ് ഇല്ലാത്തതും എമിഗ്രേഷൻ വിഭാഗത്തിന്റെ കടുംപിടിത്തങ്ങളും വെല്ലുവിളിയായിരുന്നു. ടഗ് ഇല്ലാത്തതിനെ തുടർന്ന് നേവ് ഫോട്ടോൺ കപ്പൽ കഴിഞ്ഞയാഴ്ച ക്രൂചെയ്ഞ്ചിംഗ് ഉപേക്ഷിച്ചിരുന്നു. പുതിയ ടഗ് ഗോവയിൽ ടഗിന്റെ നിർമ്മാണം പൂർത്തിയായതായും മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള കാലതാമസം മാത്രമാണ് ഇനിയുള്ളതെന്നും പോർട്ട് അധികൃതർ പറഞ്ഞു. നിലവിൽ കൊല്ലത്തും ബേപ്പൂരിലും തുറമുഖ വകുപ്പിന് ടഗ് ഉണ്ട്. കൊല്ലത്തെ ടഗ് അറ്റകുറ്റപ്പണികൾക്കായി മാറ്റിയിരിക്കുകയാണ്. ബേപ്പൂരിലേത് നിത്യേന ഉപയോഗിക്കുന്നതുമാണ്. അഴീക്കൽ, ബേപ്പൂർ എന്നിവിടങ്ങളിലേക്കാണ് തുറമുഖവകുപ്പ് പുതുതായി രണ്ട് ടഗുകൾ നിർമ്മിക്കാൻ പദ്ധതിയിട്ടത്. അതിനിടെയാണ് വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗിനായി ടഗുകൾ വേണമെന്ന ആവശ്യം ഉയർന്നത്. ഇതോടൊപ്പം വിഴിഞ്ഞത്ത് ക്രൂചെയ്‌ഞ്ചിംഗിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കേണ്ടതുണ്ട്. ഷിപ്പിംഗ് ഏജൻസികൾ വാടകയ്ക്ക് എടുത്ത മത്സ്യബന്ധന ബോട്ടാണ് ഇവിടെ നിലവിലുള്ളത്.

 ടഗിന് - 9 കോടി രൂപ ചെലവ്

 ഭാരം - 450 ടൺ

 ഇതുവരെ എത്തിയത് - 8 കപ്പലുകൾ

 തുറമുഖ വകുപ്പിന് ലഭിച്ച വരുമാനം - 19 ലക്ഷം

സൂയസ് കനാൽ വഴിയുള്ള അന്താരാഷ്ട്ര

കപ്പൽചാലിൽ നിന്നുള്ള ദൂരം

-----------------------------------------------------------------

കൊച്ചിയിലേക്ക് 200 നോട്ടിക്കൽ മൈൽ

വിഴിഞ്ഞത്തേക്ക് 20 നോട്ടിക്കൽ മൈൽ

വിഴിഞ്ഞത്തിന്റെ സാദ്ധ്യതകൾ

-------------------------------------

അന്താരാഷ്ട്ര കപ്പൽചാലിന് അടുത്തുള്ള വലിയ തുറമുഖം,​ തീരക്കടലിലെ ആഴക്കൂടുതൽ എന്നിവയാണ് വിഴിഞ്ഞത്തേക്ക് കൂറ്റൻ കപ്പലുകൾ അടുക്കുന്നതിന് കാരണം. ക്രൂചെയ്ഞ്ചിംഗിനുള്ള അടിസ്ഥാന സൗകര്യങ്ങൾ തുറമുഖ വകുപ്പ് ഏർപ്പെടുത്തിയാൽ മാസത്തിൽ എല്ലാ ദിവസവും കപ്പലുകൾ എത്തും. ഒരു കപ്പലെത്തുമ്പോൾ വാടക ഇനത്തിലും മറ്രുമായി മൂന്നു ലക്ഷം രൂപവരെ വരുമാനം ലഭിക്കും.

പ്രതികരണം

---------------------------

ക്രൂചെയ്‌ഞ്ചിംഗ് സൗകര്യങ്ങൾക്കായി വിഴിഞ്ഞത്ത് സീവേർഡ് വാർഫിന്റെ പുനർ നിർമ്മാണവും വേഗത്തിലാക്കണം.

ടഗ് ഈ മാസം 31ന് എത്തും. ഇതോടെ ക്രൂ ചെയ്ഞ്ചിംഗ് കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ

കിരൺ, കൺസർവേറ്റർ, വിഴിഞ്ഞം പോർട്ട്