തിരുവനന്തപുരം: വാളയാറിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാർ ലൈംഗിക പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കേസന്വേഷണത്തിലുൾപ്പെടെ വീഴ്ച വരുത്തിയ മുഴുവൻ ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
അന്വേഷണത്തിന് ജില്ലാ ജഡ്ജി പി.കെ. ഹനീഫ കമ്മിഷനെ സർക്കാർ നിയോഗിച്ചിരുന്നു. റിപ്പോർട്ടിൽ കമ്മിഷൻ ചൂണ്ടിക്കാട്ടിയ പൊലീസുദ്യോഗസ്ഥർക്ക് പുറമേ, അന്വേഷണത്തിലും മേൽനോട്ടത്തിലും വീഴ്ച വരുത്തിയവർക്കെതിരെയും നടപടിയെടുക്കണമെന്ന ഭേദഗതിയോടെയാണ് റിപ്പോർട്ട് അംഗീകരിച്ചിരിക്കുന്നത്. ഇന്നലെ മന്ത്രിസഭായോഗം അജൻഡയിലുൾപ്പെടുത്തിയാണ് റിപ്പോർട്ട് ചർച്ചയ്ക്കെടുത്തത്.
അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഡിവൈ.എസ്.പി മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകും. കോടതിയിൽ ആദ്യം ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെയുള്ളവർക്കും വീഴ്ച സംഭവിച്ചു. മുഴുവൻ പേർക്കുമെതിരെ നടപടിക്ക് നിർദ്ദേശിച്ചതായി മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി.
കേസ് ആദ്യമന്വേഷിച്ച എസ്.ഐക്കെതിരെ മാത്രം നടപടിയെടുത്താൽ സഹോദരിമാർക്ക് നീതി ലഭിക്കില്ലെന്ന് ചില മന്ത്രിമാർ ചൂണ്ടിക്കാട്ടി. ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടില്ലാത്ത, വീഴ്ച വരുത്തിയ മുഴുവൻ പേർക്കുമെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് അത്തരമൊരു ഭേദഗതി നിർദ്ദേശം കൂടി മന്ത്രിസഭ അംഗീകരിച്ചത്.
വീട്ടിൽ തൂങ്ങിയ നിലയിൽ
രണ്ട് കുരുന്നുകൾ
2017 ജനുവരി 13നാണ് 13 വയസുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ മാർച്ച് നാലിന് ഒമ്പത് വയസുള്ള അനുജത്തിയെയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ച് പ്രതികളിൽ നാല് പേരെയും തെളിവുകളുടെ അഭാവത്തിൽ പാലക്കാട് പോക്സോ കോടതി വിട്ടയച്ചതോടെ കേസ് അട്ടിമറിച്ചെന്ന ആരോപണമുയർന്നു. ഭരണകക്ഷിനേതാക്കളുൾപ്പെടെ ചേർന്നാണ് കേസ് അട്ടിമറിച്ചതെന്ന ആക്ഷേപമുയർന്നതോടെ വൻ രാഷ്ട്രീയ വിവാദമായി. ഇതേത്തുടർന്നാണ് ജുഡിഷ്യൽ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്.