നെടുമങ്ങാട് :കെട്ടിട നിർമ്മാണത്തിന് വാട്ടർ കണക്ഷൻ എടുക്കാൻ കെട്ടിവച്ച തുക ഒരു വർഷമായിട്ടും മടക്കി നൽകുന്നില്ലെന്ന് പരാതി.അരുവിക്കര പഞ്ചായത്തിലെ ഇറയംകോട് ചാണിച്ചാൽ കടവിൽ കഴിഞ്ഞവർഷം ആഗസ്റ്റിൽ നിർമ്മാണം പൂർത്തിയാക്കി ഗ്രാമപഞ്ചായത്ത് ഓണർഷിപ്പ് അനുവദിച്ച കെട്ടിടത്തിനു വേണ്ടി വാട്ടർ അതോറിട്ടിയിൽ മുൻ‌കൂറായി അടച്ച പതിനേഴായിരം രൂപയാണ് മടക്കി നൽകാൻ കൂട്ടാക്കാതെ ഉപഭോക്താവിനെ അധികൃതർ വട്ടം കറക്കുന്നത്.നെടുമങ്ങാട് അസിസ്റ്റന്റ് എൻജിനിയർ ഓഫീസിലെ രേഖകൾ നഷ്ടപ്പെട്ടതാണ് ഡെപ്പോസിറ്റ് മടക്കിക്കിട്ടാത്തതിന് കാരണമെന്നും പരാതി നൽകാനെത്തിയപ്പോൾ ഉദ്യോഗസ്ഥൻ ആക്ഷേപിച്ചു വിട്ടെന്നും പരാതിക്കാരനായ മൈലം കൃഷ്ണാ ഭവനിൽ ടി.സത്യാനന്ദൻ ഉന്നതാധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അസി.എക്സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു.