ktda

കാട്ടാക്കട: കാട്ടാക്കടയിൽ പൊലീസിന്റെ കൊവിഡ് സെൽ പ്രവർത്തനസജ്ജമായി. നാലു സംഘമായി തിരിഞ്ഞുള്ള പ്രവർത്തനം കാട്ടാക്കട ഇൻസ്‌പെക്ടർ ഒഫ് പൊലീസ് ഡി.ബിജുകുമാറിന്റെ നേതൃത്വത്തിലാണ് ഏകോപിപ്പിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പുമായി സഹകരിച്ച് സ്രവ പരിശോധനയിൽ കൊവിഡ് പോസിറ്റീവായ കേസുകൾ ശേഖരിച്ച് പ്രഥമ, ദ്വിതീയ സമ്പർക്ക പട്ടിക തയാറാക്കലാണ് ആദ്യപടി. പോസിറ്റീവായ വ്യക്തിയുടെ വിവരശേഖരണം കഴിഞ്ഞാൽ ഇവരുടെ ക്വാറന്റൈൻ വിവരങ്ങൾ തിരക്കുകയും കൂടാതെ ഏറ്റവും അടുത്ത് സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ വിവരശേഖരണം നടത്തുകയും ചെയ്യും. തുടർന്ന് രണ്ടാം സമ്പർക്ക വിവരങ്ങളും ശേഖരിക്കും. ഇവരെയെല്ലാം ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങൾ മനസിലാക്കി ഇവ പ്രത്യേകമായി രേഖപ്പെടുത്തുകയും ഇവർക്കുള്ള മാർഗനിർദേശങ്ങൾ നൽകി നിരീക്ഷണത്തിന് വേണ്ട സംവിധാനം ഒരുക്കുകയും ചെയ്യും. തുടർന്ന് നിരീക്ഷണത്തിൽ ഉള്ളവർ ഇവ പാലിക്കുന്നുണ്ടോ എന്നും ഇവർക്ക് മറ്റ് സഹായങ്ങൾ ആവശ്യമുണ്ടോ എന്നു നിരീക്ഷിക്കും. വൈകുന്നേരത്തോടെ വിവരങ്ങളെല്ലാം റൂറൽ എസ്.പിക്ക് സമർപ്പിക്കും.

ഇതോടൊപ്പം പൊതു സ്ഥലത്ത് സാമൂഹ്യ അകലം, ശരിയായ രീതിയിൽ മാസ്‌ക് ധരിക്കൽ, കൈ ശുചീകരണം തുടങ്ങിയ മാർഗനിർദേശം തത്സമയ അറിയിപ്പ് നൽകും. വിളംബര യാത്രയ്ക്കിടെ കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ആ വ്യക്തിക്ക് മൈക്കിലൂടെ തന്നെ നിർദേശം നൽകും. സ്ഥാപനങ്ങൾക്ക് മുന്നിൽ കൂട്ടം കണ്ടാലും സ്ഥാപനത്തിന്റെ പേരെടുത്ത് പറഞ്ഞു സാമൂഹ്യ അകലം പാലിക്കാൻ നിർദേശിക്കും. വീണ്ടും ലംഘിക്കുന്നവർക്കെതിരെ മുന്നറിയിപ്പും നടപടിയുമായാണ് സബ് ഇൻസ്‌പെക്ടർ നിജാമിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രവർത്തനം. കണ്ടെയ്ൻമെന്റ് സോണിലെയും മറ്റിടങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിൽ ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷണം നടത്തും.

എന്നാൽ കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയുടെ വിസ്തീർണം കൂടുതലായതിനാൽ അംഗസംഖ്യ കുറവുള്ള സ്റ്റേഷന് ജോലി ഭാരവും കൂടുതലായിരിക്കുകയാണ്. ലോക്ക് ഡൗൺ കാലത്ത് ലഭിച്ചിരുന്ന പൊലീസ് ട്രെയിനികളുടെ സേവനം വീണ്ടും ഉറപ്പാക്കിയാൽ പ്രവർത്തനം സുഗമമാകുമെന്നാണ് അധികൃതരുടെ നിഗമനം.

 നാലു സംഘങ്ങളായി പ്രവർത്തനം

വിവരശേഖരണത്തിനും ഇവ കൃത്യമായി പട്ടിക തയാറാക്കി കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്നതിനുമായി ഒരു സംഘം. സബ് ഇൻസ്‌പെക്ടർ നിജാമിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം തടയുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി ഒരു സംഘം. തത്സമയ അറിയിപ്പും മാർഗനിർദേശങ്ങളും പൊതു ഇടങ്ങളിലെത്തിക്കാൻ എ.എസ്.ഐ ഹെൻഡേഴ്‌സന്റെ നേതൃത്വത്തിൽ വാഹന വിളംബരത്തിനായി ഒരു സംഘം. നിരീക്ഷണത്തിലുള്ളവർ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന പരിശോധനയ്ക്കായി മറ്റൊരു സംഘം.