വർക്കല: തമിഴ്നാട് എം.ജി.ആർ മെഡിക്കൽ സർവകലാശാല ദന്തൽ സയൻസ് പരീക്ഷകൾ സെപ്തംബർ 1 മുതൽ നടത്തുവാൻ തീരുമാനിച്ചതോടെ വിഷമസന്ധിയിലായിരിക്കുകയാണ് മലയാളി വിദ്യാർത്ഥികൾ. കന്യാകുമാരി ജില്ലയിലെ കുലശേഖരം അടക്കമുളള കോളേജുകളിൽ പഠിക്കുന്ന മലയാളികളായ ദന്തൽസയൻസ് വിദ്യാർത്ഥികൾ കൊവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി കോളേജ് ഹോസ്റ്റലുകളിലെത്തി ക്വാറന്റൈൻ കഴിഞ്ഞ് പരീക്ഷ എഴുതുവാൻ കഴിയുമോ എന്ന ആശങ്കയിലാണ്.

ബി.ഡി.എസ് രണ്ടാം വർഷം മുതൽ നാലാം വർഷം വരെയുളള വിദ്യാർത്ഥികളുടെ വർഷാവസാന പരീക്ഷകളാണ് സെപ്തംബർ ഒന്നിന് തുടങ്ങുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുളളവരാണ് കന്യാകുമാരി ജില്ലയിലെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ പകുതിയിലധികവും. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മാർച്ച് രണ്ടാം വാരം വീടുകളിലേക്ക് മടങ്ങിയെത്തിയവരാണ് വിദ്യാർത്ഥികൾ. പാഠപുസ്തകങ്ങളോ നോട്ടുകളോ ഹോസ്റ്റലിൽ നിന്ന് എടുക്കാതെയാണ് പലരും വീടുകളിലെത്തിയത്. പരീക്ഷ തുടങ്ങുന്ന തീയതിക്ക് 15 ദിവസം മുമ്പ് ഹോസ്റ്റലിലെത്തി ക്വാറന്റൈനിൽ കഴിയാനാണ് കോളേജ് അധികൃതരിൽ നിന്നു ലഭിച്ചിട്ടുളള അറിയിപ്പ്. ഐഡി കാർഡും സർട്ടിഫിക്കറ്റുകളും പരിശോധിച്ച് വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിലെത്താൻ ഇ -പാസ് നൽകുമെന്നറിയിച്ചെങ്കിലും പാസിന് അപേക്ഷിച്ചവർക്കെല്ലാം ഇ -പാസ് നിരസിക്കുകയാണ് ചെയ്തത്. ഹോസ്റ്റലിലാകട്ടെ കഴിയാനുളള സൗകര്യവുമില്ല. ഒരുമുറിയിൽ മൂന്ന് പേരാണുളളത്. വിദ്യാർത്ഥികളിൽ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട് കഴിയുന്നവരുമുണ്ട്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ആഗസ്റ്റ് 17ന് മുമ്പ് കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദ്ദേശം. കൊവിഡ് ടെസ്റ്റിന്റെ റിപ്പോർട്ടുമായാണ് എത്തേണ്ടത്. റിപ്പോർട്ട് കാണിച്ച് പരീക്ഷാഫീസുമടച്ച് ഓഫീസിൽ നിന്നുളള എൻ ഒ സി കാണിച്ചാൽ മാത്രമെ ഹോസ്റ്റലിൽ പ്രവേശനമുളളു. 14 ദിവസം ക്വാറന്റൈനിൽ കഴിയണം. കൊവിഡ് പ്രതിരോധത്തിനുളള എൻ 95 മാസ്ക്, കൈഉറകൾ, ഫേസ് ഷീൽഡ്, സാനിറ്റൈസർ എന്നിവയും വിദ്യാർത്ഥികൾ നിർബ്ബന്ധമായും കൊണ്ടുവരണം. കന്യാകുമാരി ഇപ്പോഴും തീവ്ര വ്യാപന ഭീഷണിയിലാണ്. പരീക്ഷകൾ ധൃതിപിടിച്ച് നടത്താതെ നീട്ടിവയ്ക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.