കാഞ്ഞിരംകുളം: പുല്ലുവിളയ്ക്ക് സമീപം ചാവടിയിൽ മത്സ്യക്കച്ചവടം നടത്തിയവരിൽ നിന്നും ഫൈൻ ഈടാക്കിയ കാഞ്ഞിരംകുളം പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നു. കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ അമ്പലത്തിൽമൂല വാർഡിൽ നിന്നുള്ള സ്ത്രീകളാണ് മത്സ്യക്കച്ചവടത്തിന് ഇവിടെയെത്തിയത്. കണ്ടെയ്ൻമെന്റ് സോണിൽ കൂടുതൽ ഇളവുകൾ വേണമെന്നാവശ്യപ്പെട്ട് പുല്ലുവിളയിലെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചതിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ മത്സ്യബന്ധനവും വിപണനവും നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് അറിയിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചാണ് ഡെപ്യൂട്ടി കളക്ടർ മടങ്ങിയത്. എന്നാൽ ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പുള്ളതിനാൽ ആരും കടലിൽ പോയില്ല. ഡെപ്യൂട്ടി കളക്ടറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ മത്സ്യക്കച്ചവടത്തിന് എത്തിയവരിൽ നിന്നാണ് ഫൈൻ ഈടാക്കിയതെന്ന് കച്ചവടക്കാർ ആരോപിച്ചു.