നെടുമങ്ങാട്: കൊവിഡ് നിയന്ത്രണങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ട് കടുത്ത പ്രതിസന്ധിയിൽ ഉഴലുന്ന നാടക കലാകാരന്മാർക്ക് ഓൺലൈൻ നാടകമേളയിലൂടെ ധനസമാഹരണം നടത്തി കൈത്താങ്ങാവുകയാണ് 'ഒപ്പം കൂട്ടായ്മ'. അമ്പതോളം നിർദ്ധന കലാകാരന്മാർക്ക് ഈ പ്രതിസന്ധിഘട്ടത്തിൽ ആശ്വാസമെത്തിക്കാൻ സാധിച്ചതിന്റെ കൃതാർത്ഥതയിലാണ് ഒപ്പം കൂട്ടായ്മയിലെ അംഗങ്ങൾ. നാടക വേദിയിൽ സജീവ സാന്നിദ്ധ്യമായിരുന്ന മുൻ ബാങ്ക് ഉദ്യോഗസ്ഥൻ ജനാർദ്ദന അയ്യരുടെ നേതൃത്വത്തിൽ നെറ്റ്‌വർക്ക് ഓഫ് ആർട്ടിസ്റ്റിക് തിയറ്റർ ആക്ടിവിസ്റ്റ്സ് (നാടക്) എന്ന സംഘടനയാണ് നിത്യവൃത്തിക്ക് വക കാണാതെ ഉഴലുന്ന നാടക പ്രവർത്തകർക്കായി ഒപ്പം സഹായനിധി എന്ന സംരംഭം ആവിഷ്കരിച്ചത്. ആയിരം രൂപ വീതം അമ്പത് പേർക്ക് ആദ്യഘട്ടത്തിൽ വിതരണം ചെയ്തു. കലാകാരന്മാരെ സജീവമാക്കി ഓൺലൈനിലൂടെ രണ്ടാഴ്ച തുടർച്ചയായി ഒമ്പത് നാടകങ്ങളും പ്രതിഭാധനരായ 25 എഴുത്തുകാരെയും സംവിധായകരെയും അണിനിരത്തി പ്രഭാഷണ പരമ്പരയും ഒരുക്കി. നവമാദ്ധ്യമങ്ങളിൽ നാടക് പ്രവർത്തകരുടെ മുന്നേറ്റം ചർച്ചയായതോടെ സഹായ വാഗ്ദ്ധാനവുമായി പ്രമുഖരായവർ ഉൾപ്പടെ അനേകം കലാസ്നേഹികൾ രംഗത്തെത്തി. പദ്ധതിയുടെ രണ്ടാംഘട്ടത്തിന് 'ഉയരും യവനിക" എന്നാണ് പേര്. ആഗസ്റ്റ് 15 മുതൽ പുതുനാടകങ്ങളുടെ അവതരണവും പ്രഭാഷണങ്ങളും ഓൺലൈനിൽ പുനരാരംഭിക്കും. നാടക് നെടുമങ്ങാട് മേഖല ഭാരവാഹികളായ സലിം, സുജിത് തുടങ്ങിയവർ നേതൃത്വം നൽകും.