കൊച്ചി: കാറും കോളും അടങ്ങി. നിയന്ത്രണങ്ങളോടെ ഇനി മത്സാത്തൊഴിലാളികൾക്ക് മത്സ്യബന്ധനം ആരംഭിക്കാം.
തെർമ്മൽ സ്കാനിംഗ് നടത്തി രജിസ്ട്രേഷൻ സമ്പറിന്റെ അവസാനത്തെ ഒറ്റ ഇരട്ട നമ്പറിന്റെ അടിസ്ഥാനത്തിൽ ബോട്ടുകൾ തീരം വിട്ടപ്പോൾ കൊവിഡും കാലാവസ്ഥ വ്യതിയാനവും തകർത്തെറിഞ്ഞ ജീവിതം തിരിച്ചുപിടിക്കാനാകും എന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. മുഴുപട്ടിണിയിലായ മത്സ്യത്തൊഴിലാളികളോട് കടലമ്മ കനിയുമെന്ന് തന്നെയാണ് അവരുടെ വിശ്വാസം.
ചരിത്രത്തിൽ ആദ്യമായാണ് ട്രോളിംഗ് നിരോധനം അവസാനിച്ചിട്ടും മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ സാധിക്കാഞ്ഞത്. ട്രോളിംഗ് ബോട്ടുകളിൽ കടലിൽ പണിക്ക് പോകുന്ന അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്താതിനാൽ 50 ശതമാനം ബോട്ടുകളെ കടലിൽ പോകുന്നുള്ളു. ട്രോളിംഗ് നിരോധനം കഴിഞ്ഞ് ബോട്ടുകൾ കടലിൽ പോകുമ്പോൾ കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും ചിലവാകും. അത് തിരിച്ച് പിടിക്കാനുള്ള വരുമാനവും ഈ സീസണിൽ തന്നെ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കാറുണ്ട്. ഇത്തവണയും മസ്യത്തൊഴിലാളികൾ പ്രതീക്ഷ കൈവിട്ടിട്ടില്ല.
കൊവിഡ് ഭീതി തുടരുന്നതിനാൽ ശക്തമായ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ബോട്ടുകൾ ഒരുമിച്ച് തിരിച്ചു വരരുത് എന്നാണ് നിർദ്ദേശം. മത്സ്യങ്ങളുടെ വില നിശ്ചയിക്കുന്നത് ഹാർബർ മാനേജ്മെൻ്റ് കമ്മിറ്റിയാണ്. ഹാർബറുകളിൽ ലേലം ഉണ്ടായിരിക്കില്ല. നിലവിൽ മുനമ്പം, കാളമുക്ക് ഫിഷിംഗ് ഹാർബറുകളാണ് തുറക്കുന്നത്. എന്നാൽ കാളമുക്ക് ഹാർബറിൽ നിന്ന് പോകുന്ന ചെല്ലാനത്തെ മത്സ്യത്തൊഴിലാളികൾക്കും വള്ളക്കാർക്കും കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് വേണമെന്ന ഡി.സി.പി ജി പൂങ്കുഴലി ആവശ്യപ്പെട്ടിരുന്നു.
വല നിറയെ മീൻ
ട്രോളിംഗ് നിരോധനത്തിന് ശേഷം കടലിൽ പോകുന്ന ബോട്ടുകൾ നിറയെ മീനുമായാണ് തിരിച്ചു വരുന്നത്. ഇത്തവണയും അതുതന്നെയാണ് പ്രതീക്ഷ. കിളിമീൻ , കണവ എന്നിവയാണ് കൂടുതലായും ലഭിക്കുന്നത്. കഴിഞ്ഞ സീസണിൽ 10 ലക്ഷത്തിൽ കൂടുതൽ ലാഭം ലഭിച്ച ബോട്ടുകളുണ്ട്.
" ഒരുപാട് പ്രതീക്ഷയോടെയാണ് പണിക്ക് പോകുന്നത്. ഈ വർഷം മത്സ്യത്തൊഴിലാളികൾ കടലിൽ പണിയെടുക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എല്ലാ ബോട്ടുകൾക്ക് നല്ല പണിയുണ്ടാകുമെന്നാണ് പ്രതീക്ഷ."
സന്നപ്പൻ
മത്സ്യത്തൊഴിലാളി