ആര്യനാട്: ആര്യനാട് സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകുമെന്ന് ആര്യനാട്ട് യു.ഡി.എഫ് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വർഷങ്ങളായി വഴിവിട്ടുള്ള നിയമനങ്ങളും വൻതോതിലുള്ള സാമ്പത്തിക ക്രമക്കേടുകളുമാണ് ബാങ്കിൽ നടക്കുന്നത്. നോട്ട് നിരോധന സമയത്ത് കോടിക്കണക്കിന് രൂപയാണ് ഈ ബാങ്ക് വഴി ഭൂമാഫിയയും ബ്ലേഡ് മാഫിയ സംഘങ്ങളും മാറ്റിയെടുത്തത്. ഈ സമയങ്ങളിൽ ബാങ്ക് അധികൃതർ നടത്തിയ ഇടപാടുകളും, പണം കൈമാറിയ ഭൂമാഫിയ സംഘങ്ങളെയും കുറിച്ച് പരാതി നൽകിയിരുന്നെങ്കിലും യാതൊന്നും അന്വേഷിച്ചില്ല. അടുത്തിടെ ബാങ്കിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തതോടെയാണ് ബാങ്കിനെതിരെയുള്ള പരാതികളും ആരോപണങ്ങളും ഉയർന്നുവന്നത്.
ബാങ്ക് ഇടപാടുകളിൽ വ്യാപക ക്രമക്കേടുണ്ടെന്നും ജീവനക്കാർ മാത്രം ക്രമക്കേട് നടത്തിയെന്ന ബാങ്ക് അധികൃതരുടെ വിശദീകരണം പൊള്ളയാണെന്നും യു.ഡി.എഫ് ആര്യനാട് നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആര്യനാട് നിയോജക മണ്ഡലം കമ്മിറ്റി സഹരണ രജിസ്ട്രാർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. കോൺഗ്രസ് നേതാക്കളായ എൻ. ജയമോഹനൻ, കെ.കെ. രതീഷ്, എസ്.കെ. രാഹുൽ, എ. നാസറുദ്ദീൻ, ആർ.എസ്.പി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇറവൂർഷാജീവ്, മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് ഷമീം, സി.എം.പി നേതാവ് മീനാങ്കൽ കരുണാകരൻ, ഫോർവേഡ് ബ്ലോക്ക് നേതാവ് ആർ.എസ്. ഹരി, രാഷ്ട്രീയ ജനതാദൾ നേതാവ് ചേരപ്പള്ളി വിശ്വനാഥൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.